കൊച്ചി: അച്ചടി മാദ്ധ്യമങ്ങളുടെ പ്രസക്തിക്ക് കോട്ടംവന്നെന്ന പ്രചാരണം വെറുംവാക്കാണെന്ന് മുൻ എം.പിയും മാദ്ധ്യമ പ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. രാജ്യത്തെ സോഷ്യൽമീഡിയ ആന്റി സോഷ്യൽമീഡിയ ആയി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി കോളേജ് ഒഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ് കോം) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനെസ്‌കോയുടെ ജേർണലിസം എഡ്യൂക്കേഷൻ സീരീസിനെ അടിസ്ഥാനമാക്കി ജേർണലിസം ഫേക്ക് ന്യൂസ് ആൻഡ് ഡിസിൻഫർമേഷൻ എന്ന വിഷയത്തിലായിരുന്നു സെമിനാർ.

ബി.എം.എസ് ലേബർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിൽ നടന്ന സെമിനാറിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി. സുജാതൻ, സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, കേസരി വാരിക മുഖ്യപത്രാധിപർ ഡോ.എൻ.ആർ. മധു എന്നിവർ സംബന്ധിച്ചു. മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് വിഷയാവതരണം നടത്തി.