11

തൃക്കാക്കര: റോഡിന്റെ സ്ഥലം കൈയേറി കമ്പിവേലി കെട്ടിയതായി പരാതി. പടമുഗൾ പാലച്ചുവട് റോഡിൽ ഓയോ ബിൽഡിംഗിന് തൊട്ടടുത്ത് കേരള ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 24 സെന്റ് സ്ഥലത്തിന് ചുറ്റുമാണ് സാറ്റലൈറ്റ് ടൗൺഷിപ്പ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കമ്പിവേലി കെട്ടിയത്.
പ്രദേശവാസികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹൗസിംഗ് ബോർഡ് എറണാകുളം ഡിവിഷൻ ഓഫീസിൽ നിന്ന് എ.ഇ യും എ.എക്സ്.ഇയും സ്ഥലത്തെത്തി സ്ഥലം അളന്ന് കമ്പിവേലി ഇറക്കി കെട്ടാൻ തീരുമാനിച്ചു.

ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് സമീപ വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് കമ്പിവേലി കെട്ടിയതെന്ന് സാറ്റലൈറ്റ് ടൗൺഷിപ്പ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് മാത്യു മാമ്പിള്ളി പറഞ്ഞു.

പടമുഗൾ പാലച്ചുവട് റോഡിന്റെ വീതി കുറക്കുന്ന ഒരു കൈയേറ്റവും പാടില്ലെന്ന് സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.പി. സാജൽ പറഞ്ഞു. വാർഡ് കൗൺസിലർ ആര്യ ബിബിൻ, സി.പി.എം ഏരിയാ സെക്രട്ടറി എൻ.പി. ഷൺമുഖൻ എന്നിവർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.