
പറവൂർ: കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഇളന്തിക്കരയിലെ ശ്രീശാരദ വിദ്യാമന്ദിർ സ്കൂളിന്റെ പേര് ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്കൃതി സ്കൂളെന്ന് പുനനാമകരണം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പുതിയ അക്കാഡമിക് ബ്ലോക്ക് ഗാൽവൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരക മന്ദിരമായി സമർപ്പിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, എറണാകുളം കുടുംബ കോടതി റിട്ട. ജഡ്ജി ലീല മണി, സ്കൂൾ ചെയർമാൻ കെ.കെ. അമരേന്ദ്രൻ, ബോർഡ് അംഗം പരമേശ്വരൻ നമ്പൂതിരി, പി.പി. മോഹൻദാസ്, പ്രിൻസിപ്പൽ എൻ. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ചവർ മന്ത്രി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.