ആലങ്ങാട് : ആലുവ പറവൂർ റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ ബൈക്കിലെത്തി ആൾ ലോട്ടറി വില്പന നടത്തുന്ന സ്ത്രീയുടെ കൈയിൽ നിന്ന് ടിക്കറ്റുകൾ തട്ടിപ്പറിച്ചു കടന്നു. കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപം ലോട്ടറി വിൽക്കുന്ന കോട്ടപ്പുറം സ്വദേശി എൽസിയുടെ കൈയിലുള്ള ലോട്ടറി ടിക്കറ്റുകളാണ് പിടിച്ചു പറിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. എൽസിക്ക് സമീപം ബൈക്ക് നിർത്തി നമ്പർ തിരഞ്ഞെടുക്കാനെന്ന വ്യജേന ടിക്കറ്റ് വാങ്ങിയ ശേഷം ബൈക്ക് ഓടിച്ചു പോകുകയായിരുന്നു. എൽസി ഒച്ചവച്ചപ്പോൾ സമീപത്തെ ചുമട്ടുത്തൊഴിലാളികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞു. ടിക്കറ്റ് പകുതിയിലേറെയും വിറ്റു തീർന്നിരുന്നതിനാൽ 5 ടിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. ആലുവ പറവൂർ റോഡിൽ ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കപ്പെടുന്നത് പതിവാണ്. മനയ്ക്കപ്പടി, തട്ടാംപടി കവലകളിൽ കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുമ്പ് ആലങ്ങാട് റോഡിൽ സമാനമായ രീതിയിൽ ലോട്ടറി വില്പന നടത്തുന്ന അംഗപരിമിത നിൽ നിന്ന് സമാനമായ രീതിയിൽ ടിക്കറ്റുകൾ കവർന്നിരുന്നു.