കൊച്ചി: മതപണ്ഡിതനും മാപ്പിളപ്പാട്ട് കലാകാരനുമായ പെരുമ്പാവൂരിലെ ഹാജി മുഹമ്മദ് വെട്ടത്തിന്റെ അഭിപ്രായത്തിൽ 'ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് ' എന്ന ശ്രീനാരായണ ദർശനവും 'മനുഷ്യവർഗം ഒറ്റ സമുദായം' എന്ന ഖുർആൻ വചനവും ഒന്നുതന്നെ. എൺപത്തിയൊന്നുകാരനായ ഹാജിയാരുടെ പ്രഭാഷണങ്ങളിൽ ഗുരുദർശനങ്ങളുടെ പ്രവാഹമാണ്.
രണ്ടുതവണ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുകയും ഒൻപത് തവണ മക്കയിലെ ഹജ്ജ് കർമ്മങ്ങളിൽ അമീറാവുകയും ചെയ്ത മുഹമ്മദ് വെട്ടത്ത്, ഗുരുദേവ കൃതികൾ പഠിച്ചാണ് ആ ദർശനങ്ങളിൽ ആകൃഷ്ടനായത്. അറുപത് വർഷം പെരുമ്പാവൂർ വലിയപള്ളിയിൽ മുഹ്ദീൻ ആയിരുന്നു. 1990കളിൽ പെരുമ്പാവൂരിലും പരിസരങ്ങളിലും ഗുരുദേവജയന്തി ആഘോഷ വേദികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.1965- 95 കാലത്ത് മദ്ധ്യകേരളത്തിൽ മാപ്പിള കലാരൂപങ്ങളെ ജനകീയമാക്കിയതും മുഹമ്മദ് വെട്ടത്താണ്.
തീവ്രവിഭാഗീയ ആശയങ്ങൾ ഇസ്ലാമിനെതിരാണെന്ന് പ്രഖ്യാപിച്ച് സ്വാതന്ത്ര്യദിനത്തിൽ 'ഇസ്ലാമിന്റെ യഥാർത്ഥ സമാധാന സന്ദേശം' എന്ന വിഷയത്തിൽ പെരുമ്പാവൂരിൽ സ്വാതന്ത്ര്യസംരക്ഷണ സംഗമം നടത്താനുള്ള ഒരുക്കത്തിലാണ്. ജില്ലാ മഹല്ല് കോൺഫെഡറേഷനാണ് നേതൃത്വം നൽകുക.
ശ്രീനാരായണഗുരു, നിത്യചൈതന്യയതി, വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ മാനവികദർശനങ്ങളും ലിയോ ടോൾസ്റ്റോയി, വിക്ടർ യൂഗോ, ജവഹർലാൽ നെഹ്രു, വൈക്കം മുഹമ്മദ് ബഷീർ, തകഴി, പി. കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ കൃതികളുമാണ് വെട്ടത്തിന് വെളിച്ചമേകിയത്. വർഗീയതയ്ക്കും വിഭാഗീയതകൾക്കുമെതിരായ ചിന്താധാര വളർത്തുക, നാനാത്വത്തിൽ ഏകത്വമെന്ന ഭാരതപൈതൃകം വീണ്ടെടുക്കുക എന്നതാണ് സ്വപ്നം.
'മാരിവില്ലും മഴക്കാറും' (മാപ്പിളപ്പാട്ട് സമാഹാരം), ധാർമ്മികവിപ്ലവം (ലേഖനസമാഹാരം), വേദനയും കണ്ണീരും (നോവൽ) എന്നീ പുസ്തകങ്ങളുടെ കർത്താവാണ്. മാരിവില്ലും മഴക്കാറും മാപ്പിളപ്പാട്ട് ആൽബമായും ഇറങ്ങിയിട്ടുണ്ട്.
ഭാര്യ റുക്കിയ. ജുവൈരിയ, ബുസ്റ, അനസ്, അൻവർ എന്നിവർ മക്കളും അബൂബക്കർ, റഹീം, ഷെഹിദ, താഹിറ എന്നിവർ മരുമക്കളുമാണ്.