കൊച്ചി: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേയ്ക്ക് കാർഡ് ഉടമകളിൽനിന്ന് സെസ് പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന് 11 മാസത്തെ കുടിശിക വ്യാപാരികൾക്ക് നൽകാനാണ് പ്രതിമാസം ഒരുരൂപവീതം സെസ് പിരിക്കുന്നതെന്ന് സമ്മേളനം ആരോപിച്ചു.
സപ്ലൈകോയിൽനിന്ന് സബ്സിഡി നിരക്കിൽ അരലിറ്റർ വെളിച്ചെണ്ണ 46 രൂപയ്ക്ക് ലഭിക്കാൻ വിപണിവിലയിൽ അരലിറ്റർകൂടി വാങ്ങണമെന്ന വ്യവസ്ഥ കൊള്ളയടിക്കലാണ്. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പലതും കടകളിൽ ലഭിക്കുന്നില്ല. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഉപഭോക്താതാക്കളെ പിഴിയുന്ന സർക്കാർ നിലപാടിനെതിരേ പ്രക്ഷോഭം ആരംഭിക്കും.
ഫെഡറേഷൻ ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് എം.എ. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. സെയ്ത്, സെക്രട്ടറിമാരായ പി.ബി. ആനന്ദവല്ലി, എൻ. ഗോപാലകൃഷ്ണൻ, ജില്ലാ ഭാരവാഹികളായ എ. സലിം, കലൈവാണി സോമൻ, വിൻസന്റ് കാലടി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി കലൈവാണി സോമനേയും ജനറൽ സെക്രട്ടറിയായി വിൻസന്റ് കാലടിയേയും തിരഞ്ഞെടുത്തു.