കൊച്ചി: വൈപ്പിനിൽ നിന്ന് ബസിൽ ഗോശ്രീ പാലങ്ങളും കടന്ന് എറണാകുളം നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിൽ ഇറങ്ങണമെന്ന ദ്വീപുവാസികളുടെ ചിരകാല ആവശ്യവും സ്വപ്നവും പുതിയ കളക്ടർ ഡോ. രേണുരാജ് പരിഗണിക്കും. വൈപ്പിൻ ബസുകളുടെ നഗരപ്രവേശം അനുവദിക്കാമെന്ന ശുപാർശയിൽ പുതിയ കളക്ടറെങ്കിലും തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ദിവസവും നഗരത്തിൽ വന്നുപോകുന്ന ആയിരക്കണക്കിന് വൈപ്പിൻ നിവാസികൾ.
വൈപ്പിൻകാരുടെ ആവശ്യത്തിന് പാലം പൂർത്തിയായ കാലം മുതൽ പഴക്കമുണ്ട്. ഇപ്പോൾ ബസുകൾ ഗോശ്രീ പാലങ്ങൾ കടന്ന് ഹൈക്കോടതി കവലയിൽ സർവീസ് അവസാനിപ്പിക്കുകയാണ്. അനുകൂലനടപടി ജില്ലാ അധികൃതരോ പൊലീസോ സ്വീകരിക്കുന്നില്ല. വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി സർക്കാരിന് നൽകിയ ശുപാർശയും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
ശുപാർശകളിൽ നടപടിയില്ല
നഗരപാതയിൽ ഇരുചക്ര വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം കാര്യമായി കുറയ്ക്കാൻ നഗരപ്രവേശം സഹായിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ തിരഞ്ഞെടുത്ത ബസ് സർവീസുകൾക്ക് പ്രവേശനാനുമതി നൽകാമെന്ന് സർക്കാർ ശുപാർശകളിലും ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടില്ല.
18 വർഷം മുമ്പ് ഗോശ്രീ പാലങ്ങൾ ഗതാഗതത്തിന് തുറന്നുതു മുതൽ ദ്വീപുവാസികൾ ഉന്നയിക്കുന്ന ആവശ്യമാണിത്. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മറ്റൊരു ബസിൽ വേണം മുന്നോട്ടുള്ള ദ്വീപുവാസികൾ യാത്ര തുടരാൻ. മെട്രോ ട്രെയിൻ യാത്ര ചെയ്യണമെങ്കിലും നേരിട്ട് സ്റ്റേഷനിലെത്താനും മാർഗം വേറില്ല.
എതിർത്ത് ആർ.ടി.ഒ
നഗരത്തിൽ സിറ്റി സർവീസ് നടത്തുന്ന ബസുടമകൾ ഗോശ്രീ ബസുകളുടെ പ്രവേശനത്തിന് എതിരല്ല. വൈപ്പിൻ ബസുകളുടെ നഗര പ്രവേശം നഗരത്തിൽ ഗതാഗതതടസം സൃഷ്ടിക്കുമെന്ന ആർ.ടി.ഒയുടെ വാദമാണ് പ്രതിസന്ധി. വൈപ്പിൻ ബസുകൾ നഗരത്തിൽ പ്രവേശിച്ചാൽ ഇരുചക്രവാഹനങ്ങളുടെ തിരക്ക് ഒഴിവാകും. മെട്രോ റെയിൽ സർവീസ് ആരംഭിച്ചതോടെ നാനൂറോളം സിറ്റി ബസുകൾ സർവീസ് നിറുത്തി. അതിനാൽ നഗരത്തിൽ വൈപ്പിൻ ബസുകളെ ഉൾക്കൊള്ളാൻ മതിയായ ഇടമുണ്ടെന്ന് നിവേദനത്തിൽ പറയുന്നു.
യോഗത്തിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, പി.എ. ഷാനവാസ്, അഡ്വ. എബനെസർ ചുള്ളിക്കാട്ട്, ആദം അയൂബ്, അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ, അഡ്വ. മേരിദാസ് കല്ലൂർ, പ്രൊഫ. കെ.സി. അബ്രഹാം, ഷീല ലൂയിസ്, പി.എ. പ്രേംബാബു, സ്റ്റാൻലി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.