p

ആലുവ: വാഗ്ദാനംപാലിച്ച് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇനിയും കാലതാമസമുണ്ടായാൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ക്യാമ്പിന് സമാപനം.

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുംവരെയുള്ള സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ 27ന് കാൽലക്ഷം ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഖജനാവിലെ പണവും ജീവനക്കാരുടെ അദ്ധ്വാനവിഹിതവും കോർപ്പറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്ന പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കേണ്ടത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയമാണ്.

മെഡിസെപ്പ് പദ്ധതി നിക്ഷിപ്ത താത്പര്യക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ സർക്കാർ ശക്തമായി ഇടപെടണം. ജീവനക്കാരുടെ ലീവ്സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കണം. അടിയന്തരമായി ക്ഷാമബത്ത കുടിശിക അനുവദിക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകുവാനും ക്യാമ്പ് തീരുമാനിച്ചു.

ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ കെ.ഷാനവാസ്ഖാൻ, എസ്.സജീവ്, വി.ആർ.ബീനാമോൾ, കെ.എൻ.കെ. നമ്പൂതിരി, ജി. മോട്ടിലാൽ, ഡോ.സുനിൽ രാജ് എന്നിവർ സംസാരിച്ചു. 320 പേർ ക്യാമ്പിൽ പങ്കെടുത്തു.