പള്ളുരുത്തി: മാതാപിതാക്കൾ നഷ്ടപ്പെട്ട അഭിനവിനും അമാലിയയ്ക്കും വീട് സ്വന്തമാകുന്നു. കടബാദ്ധ്യത മൂലം മാതാപിതാക്കൾ മക്കളെ തനിച്ചാക്കി കടന്നുപോയപ്പോൾ പകച്ചു നിന്ന സഹോദരങ്ങൾക്ക് കെ.വി.തോമസ് വിദ്യാദനം ട്രസ്റ്റും നവകേരളയുടെ കുടിശിക നിവാരണ കമ്മിറ്റിയും ചേർന്ന് പണയം വച്ച വീടിന്റെ ആധാരം തിരികെ നൽകും.
കുമ്പളങ്ങി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുമാണ് ആധാരം പണയം വച്ച് മാതാപിതാക്കൾ വായ്പ എടുത്തത്. 2,80,000 തിരിച്ചടവുണ്ടായിരുന്നു. മറ്റ് കടങ്ങളും ഉണ്ടായിരുന്നു. 2021 ഫെബ്രുവരി 21, 23 തീയതികളിലാണ് മാതാപിതാക്കളായ കുമ്പളങ്ങി കാളിപ്പറമ്പിൽ ജോസ് - സാലി ദമ്പതികൾ മക്കളെ തനിചാക്കി വിട പറഞ്ഞത്.
ബാങ്കിന്റെ അഭ്യർത്ഥന പ്രകാരം കുടിശിക നിവാരണ കമ്മിറ്റി 1 ലക്ഷത്തിലേറെ രൂപ ഇളവ് വരുത്തി.
ബാക്കി 1, 24,638 രൂപയാണ് പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് നൽകിയത്. കുമ്പളങ്ങി സെന്റ്. പീറ്റേഴ്സ് ഹൈസ്കൂളിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ പണയം വച്ച ആധാരം അഭിനവിനും അമാലിയ്ക്കും തിരികെ നൽകും. രേഖ തോമസ് ചടങ്ങിൽ സംബന്ധിക്കും. കുമ്പളങ്ങി സെന്റ്. പീറ്റേഴ്സ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർത്ഥിയാണ് അഭിനവ് . അമാലിയ 9- ാം ക്ലാസിലാണ് പഠിക്കുന്നത്.