ആലുവ: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ആലുവ താലൂക്ക് ഓഫീസിൽ തീർപ്പാക്കിയത് ഇതുവരെ 2482 ഫയലുകൾ. സർവേ വിഭാഗത്തിലുള്ള ഫയലുകളാണ് തീർപ്പാക്കിയതിൽ കൂടുതലും. രണ്ടായിരത്തിലേറെ ഫയലുകളാണ് സർവേ വിഭാഗത്തിൽ തീർപ്പാക്കിയത്.
ഫയൽ തീർപ്പാക്കലിന്റെ ആദ്യ ദിവസം തന്നെ 362 ഫയലുകൾ തീർപ്പാക്കിയിരുന്നു. സർവേ, സ്ഥലത്തിന്റെ പോക്കു വരവ്, തരംമാറ്റൽ, കെട്ടിട നികുതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് തീർപ്പാക്കിയതിൽ കൂടുതലും. പൊതുജനങ്ങളുടെ പുതിയ അപേക്ഷകളും പരാതികളും പരിഗണിക്കുന്നതിന് ഒപ്പം തന്നെ പഴയ ഫയലുകൾകൂടി തീർപ്പാക്കാനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമായാണ് താലൂക്കിൽ നടക്കുന്നത്.
സെപ്തംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തുന്നത്. യജ്ഞത്തിന്റെ ഭാഗമായി പരമാവധി ഫയലുകൾ തീർപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് താലൂക്കിലെ ഉദ്യോഗസ്ഥർ.