കൊച്ചി: എറണാകുളം അതിരൂപതയിൽ ചുമതലയേറ്റ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ പള്ളികളിൽ കുർബാനയ്ക്കിടയിൽ എറണാകുളം അതിരൂപതയിലെ വൈദികർ വായിച്ചില്ല. ജനാഭിമുഖ കുർബാന തുടരുമെന്ന് വൈദികർ ആൻഡ്രൂസ് താഴത്തിനെ അറിയിച്ചു. അതിരൂപതയുടെ പരമാധികാരത്തിൻ കടന്നുകയറി വൈദികരെ കേൾക്കാതെ കൽദായ സിനഡ് കുർബാന അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.

ബസിലിക്ക ഇടവക വിശ്വാസികളും അൽമായ മുന്നേറ്റം അതിരൂപതാസമിതിയും ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് കൽദായ സിനഡ് കുർബാന അടിച്ചേൽപ്പിക്കാനുള്ള നീക്കംഉപേക്ഷിക്കണമെന്ന് അറിയിച്ചു. അതിരൂപതയുടെ നിലപാടിന് വിരുദ്ധമായ നീക്കമുണ്ടായാൽ വിശ്വാസികൾ നേരിടുമെന്ന് അറിയിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ഷൈജു ആന്റണി, ജെമി സെബാസ്റ്റ്യൻ, ബോബി മലയിൽ, റിജു കാഞ്ഞൂക്കാരൻ, ജോജോ ഇലഞ്ഞിക്കൽ, ജോൺ കല്ലൂക്കാരൻ, ഷിജോ കരുമത്തി, തങ്കച്ചൻ പേരയിൽ എന്നിവർ നേതൃത്വം നൽകി.