വൈപ്പിൻ: മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നായരമ്പലം നെടുങ്ങാട് കൊച്ചുതറ വത്സലന്റെ കുടുംബാംഗങ്ങളെ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വീട്ടിലെത്തി സന്ദർശിച്ചു. സംഭവത്തിൽ നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പട്ടിക വിഭാഗത്തിലുൾപ്പെടുന്ന വത്സലന് ഏപ്രിൽ 13നാണ് മർദ്ദനമേറ്റത്. തുടർന്ന് മൂന്നരമാസം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞാറക്കൽ സി. ഐ. രാജൻ കെ. അരമന, എസ്. ഐ. എ. കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയുമാണ്.

വത്സലന്റെ ഭാര്യ ഐഷയുടെയും മറ്റ് ബന്ധുമിത്രാദികളുടെയും പരാതികളിൽ ന്യായയുക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി. വാർഡ് അംഗം കെ. വി. ഷിനു, കെ. കെ. ബാബു,എൻ. വി. അനിൽ, പി. എസ്. ചന്ദ്രൻ, പി. കെ. ഉണ്ണി എന്നിവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.