ആലുവ: അങ്കണവാടികൾക്കും ഗവ. സ്കൂളുകൾക്കും ഉച്ചഭക്ഷണത്തിന് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് സബ് കലക്ടർ വിഷ്ണു രാജ് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
താലൂക്ക് തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിലാണ് സബ് കളക്ടറുടെ നടപടി.
ഭക്ഷ്യസാധനത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സബ് കളക്ടർ ഇടപ്പെട്ടത്. രണ്ട് മാസം മുമ്പ് പഞ്ചായത്തിലെ മാവേലി സ്റ്റോറുകളിലൂടെ വിതരണം നടത്തിയത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അങ്കമാലിയിലെ റേഷൻ കടക്കാർക്ക് അങ്കമാലി എഫ്.സി.സി ഗോഡൗണിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാനുള്ള നടപടിയെടുക്കണമെന്ന് റോജി എം. ജോൺ എം.എൽ എ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും വിലനിലവാര പട്ടിക പ്രദർശിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ഡൊമിനിക് കാവുങ്കൽ അവശ്യപ്പെട്ടു. പഞ്ചായത്ത്തല വിജിലൻസ് കമ്മിറ്റികൾ ഉടൻ രൂപികരിക്കണമെന്ന് എ.പി. ഉദയകുമാർ ആവശ്യപ്പെട്ടു.
സബ് കലക്ടർ വിഷ്ണു രാജ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, താലൂക്ക് സപ്ലെ ഓഫീസർ പി.എ. റിയാസ്, തഹസീൽദാർ സുനിൽ മാത്യു, വിവിധ രാഷ്ടീയ പ്രതിനിധികളായ എ.പി. ഉദയകുമാർ, ഡൊമിനിക് കാവുങ്കൽ, എം.എൻ. ഗോപി, എ. ഷംസുദ്ദീൻ, എം.കെ.എ. ലത്തീഫ് എന്നിവർ പങ്കെടുത്തു.