കൊച്ചി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവരോട് തോക്കുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വിജിൽ കേരള സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പലതരത്തിലുള്ള സുരക്ഷാഭീഷണികൾ നേരിടുന്നുണ്ട്. ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ സുരക്ഷാഉദ്യോഗസ്ഥരും സാധാരണക്കാരുമുണ്ട്. രാജ്യം സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെ ഇതിൽ കുറവുവരുത്താനായി.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരേ മാവോയിസ്റ്റുകളും മറ്റും ഉയർത്തുന്ന വെല്ലുവിളികൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് മുഖ്യാതിഥിയായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഭരണഘടനയ്ക്കും മേലെയാണ് മതവിശ്വാസമെന്ന് വാദിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർ ഉൾപ്പെടെ രാജ്യത്തിന്റെ മഹത്തായ സംസ്‌കാരത്തിനനുസരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വിജിൽ കേരള ജനറൽ സെക്രട്ടറി അഡ്വ. അർജുൻ ശ്രീധർ, കൺവീനർ സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.