കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കണയന്നൂർ താലൂക്ക്. താലൂക്ക് പരിധിയിലെ 11 തദ്ദേശ സ്ഥാപനങ്ങളിലായി ഈ സാമ്പത്തിക വർഷം 4,393 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.

സംരംഭക വർഷമായി ആചരിക്കുന്ന 2022-23ൽ ജില്ലയിലാകെ 14,610 സംരംഭങ്ങൾ ആരംഭിക്കും. ഇതിന്റെ 30.06 ശതമാനമാണ് കണയന്നൂർ താലൂക്ക് പരിധിയിൽ ആരംഭിക്കുക. ഇതിൽ 2,715 എണ്ണവും കൊച്ചി കോർപ്പറേഷൻ പരിധിയിലാണ്.

സമീപ നഗരസഭകളായ തൃപ്പൂണിത്തുറ, തൃക്കാക്കര, മരട് മുൻസിപ്പാലിറ്റികളിൽ യഥാക്രമം 313, 298, 202 സംരംഭങ്ങൾ ആരംഭിക്കും. ഉദയംപേരൂർ (178), ചേരാനല്ലൂർ (138), കുമ്പളം (132), മുളന്തുരുത്തി (117), ആമ്പല്ലൂർ (116), ചോറ്റാനിക്കര (102), എടക്കാട്ടുവയൽ (82) എന്നിങ്ങനെയാണ് താലൂക്ക് പരിധിയിൽ വരുന്ന മറ്റു ഗ്രാമ പഞ്ചായത്തുകളിൽ സർക്കാർ ലക്ഷ്യമിടുന്ന സംരഭങ്ങൾ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്കിന്റെയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.