
കൊച്ചി: പരിസ്ഥിതിലോല നിയമങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കർഷക പക്ഷത്ത് നിന്ന് ചിന്തിക്കണമെന്ന് കെ.സി.ബി.സി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ശാസ്ത്രീയമായി വിവരശേഖരണം നടത്തി ഇളവുകൾക്കായി ഉന്നതാധികാര സമിതിയെയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പി.ഒ.സി.യിൽ സംഘടിപ്പിച്ച കർഷക അതിജീവന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആലഞ്ചേരി.
കെ.സി.ബി.സി. ജസ്റ്റിസ് ആൻഡ് പീസ് കമ്മിഷൻ ചെയർമാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് പാലക്കാപ്പള്ളി, ബിഷപ്പ് ജോസഫ് തോമസ് (ബത്തേരി രൂപത), ഡോ. ചാക്കോള്ളാംപറമ്പിൽ, ബിഷപ്പ് തോമസ് തറയിൽ, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, വി.ബി. രാജൻ എന്നിവർ സംസാരിച്ചു.
പാനൽ ചർച്ചയ്ക്ക് ഇൻഫാം ദേശീയ ഉപദേഷ്ടാവ് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ മോഡറേറ്ററായി. ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, കിഫ പ്രതിനിധി അഡ്വ. ജോസ് ചെരുവിൽ, രാഷ്ട്രീയ കിസാൻ മഹാസംഘ് ചെയർമാൻ അഡ്വ. ബിനോയ്, അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിൽ എന്നിവർ സംസാരിച്ചു.