
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി മിഡ്നാപൂരിൽ പൊലീസ് സ്റ്രേഷൻ പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ്, എഴുപത്തിരണ്ടാം വയസ്സിൽ വീരമൃത്യു വരിച്ച ധീര വനിത. ഗാന്ധി മുത്തശ്ശി എന്ന് വിളിപ്പേര്.
ബംഗാൾ പ്രവിശ്യയിലെ താംലുക്കിൽ ഹോഗ്‌ല ഗ്രാമത്തിൽ ദരിദ്ര കർഷക കുടുംബത്തിൽ ജനനം. കുടുംബ സാഹചര്യങ്ങൾ കാരണം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ല. പന്ത്രണ്ടാം വയസ്സിൽ വിവാഹം. പതിനെട്ടു വയസുള്ളപ്പോൾ ഭർത്താവ് മരിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി കോൺഗ്രസിലെത്തി. ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു മിഡ്നാപൂരിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പ്രത്യേകത. മാതംഗിനി അവരുടെ നേതാവായി.
1930 - ൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഉപ്പു നികുതി ലംഘിച്ച് അറസ്റ്റ് വരിച്ചു. മോചനത്തിനു ശേഷവും സമരം തുടർന്നതോടെ മാതംഗിനിയെ ബ്രിട്ടീഷ് സർക്കാർ ആറു മാസം തടവിലിട്ടു. ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ പൂർണസമയ പ്രക്ഷോഭക. സെറാംപൂരിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി.
ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഗവ. ഓഫീസുകളും പൊലീസ് സ്റ്റേഷനുകളും പിടിക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ താംലുക് സ്റ്റേഷൻ പിടിക്കാൻ ചുമതല. സ്ത്രീകൾ ഉൾപ്പെടെ ആറായിരത്തോളം പേർ പങ്കെടുത്ത മാർച്ചിനു നേരെ പൊലീസ് വെടിയുതിർത്തു. മുറിവേറ്റതിനു ശേഷവും മുന്നോട്ടു കുതിച്ച മാതംഗിനിക്കു നേരെ പൊലീസ് തുടർച്ചയായി നിറയൊഴിച്ചു. വന്ദേ മാതരം ഉച്ചരിച്ചുകൊണ്ട് വീരമരണം.