
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ, ബംഗാളിൽ നിന്നുള്ള വിപ്ളവ നായകൻ. സായുധ വിപ്ളവത്തിലൂടെ സ്വാതന്ത്ര്യമെന്ന ആശയവുമായി ബംഗാളിൽ രൂപംകൊണ്ട യുഗാന്തർ പാർട്ടിയുടെ നേതാവ്. 1915 -ൽ ബാലസോറിനടുത്ത് ബ്രിട്ടീഷ് പൊലീസുമായുണ്ടായ വെടിവയ്പിനിടെ ഗുരുതരമായി പരിക്കേറ്റ് മരണം.
യഥാർത്ഥ നാമം ജതീന്ദ്രനാഥ് മുഖർജി. അഞ്ചാം വയസിൽ അച്ഛൻ മരിച്ചതിനു ശേഷം, ജതിനെ ധീരപുരുഷനായി രൂപപ്പെടുത്തുന്നതിൽ അമ്മ പ്രധാന പങ്കു വഹിച്ചു. കൽക്കട്ട സെൻട്രൽ കോളേജിൽ ഫൈൻ ആർട്സ് പഠനം. സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. 1906 - ൽ സ്വന്തം ഗ്രാമത്തിലിറങ്ങിയ കടുവയെ ഒറ്റയ്ക്ക് കുത്തിക്കൊന്നതോടെ ബാഘാ ജതിൻ (ബാഘാ എന്നാൽ ബംഗാളിയിൽ കടുവ) എന്ന് വിളിക്കെപ്പെട്ടു. വിപ്ളവ ചിന്തകളിൽ ആകൃഷ്ടനായതോടെ അനുശീലൻ സമിതി, യുഗാന്തർ പാർട്ടി എന്നിവയിൽ സജീവ പ്രവർത്തനം.
ജർമൻ കിരീടാവകാശി കൽക്കട്ട സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കണ്ട്, സ്വാതന്ത്ര്യ വിപ്ളവകാരികൾക്ക് ജർമ്മനിയിൽ നിന്ന് ആയുധങ്ങൾ ലഭ്യമാക്കാമെന്ന് ഉറപ്പു നേടി. ബംഗാൾ ഗ്രാമങ്ങളിൽ വിപ്ളവ ഗ്രൂപ്പുകൾ രൂപീകരിക്കാൻ മുന്നിട്ടിറങ്ങി. ജർമ്മനിയിൽ നിന്ന് ആയുധങ്ങൾ എത്തിക്കാനുള്ള ജതിന്റെ രഹസ്യ പദ്ധതി മണത്തറിഞ്ഞ ബ്രിട്ടീഷുകാർ കപ്പലുകളിൽ ആയുധമെത്തിക്കുന്നത് തടയാൻ ഒഡിഷ തീരം അടച്ചു.
ബാഘാ ജതിനും കൂട്ടാളികളും മയൂർഭഞ്ജ് കാടുകളിൽ അഭയം തേടി. ബ്രിട്ടീഷ് പൊലീസിന്റെ ഒളിത്താവളത്തിനരികെ ചെന്നുപെട്ടതോടെ രൂക്ഷമായ പോരാട്ടം. ഗുരുതരമായി പരിക്കേറ്റ ബാഘാ ജതിൻ പിറ്രേന്ന്, 1915 സെപ്തംബർ പത്തിന്, മുപ്പത്തിയഞ്ചാം വയസിൽ വീരമരണം വരിച്ചു.