dd

ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും

ട്രെയിനിൽ ഒളിച്ചുകടക്കാൻ സഹായിച്ച ധീരവനിത

.......................

ദുർഗാവതി ദേവി 1907 - 1999

ബ്രിട്ടീഷുകാർക്കു നേരെ സായുധ വിപ്ളവത്തിന് നേതൃത്വം നല്കിയ വനിതാ നേതാക്കളിൽ പ്രമുഖ. സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരുന്ന നൗ ജവാൻ ഭാരത് സഭ എന്ന വിപ്ളവ സംഘത്തിന്റെ പ്രധാന പ്രവർത്തക. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജെ.പി സാൻഡേഴ്സിനെ വധിച്ചതിനു ശേഷം ഭഗത് സിംഗിനെയും ശിവ്റാം രാജ്ഗുരുവിനെയും ട്രെയിനിൽ ഒളിച്ചുകടക്കാൻ സഹായിച്ചു. പഞ്ചാബ് ഗവർണർ ആയിരുന്ന ലോർഡ് ഹെയ്ലിയെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് ജയിലിലായി. സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയം ഉപേക്ഷിച്ച്,​ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി.

അലഹബാദിലെ ഗുജറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനനം. പതിനൊന്നാം വയസിൽ വിവാഹം. 1929 ലെ ഡൽഹി അസംബ്ളി ബോംബ് ആക്രമണ കേസിൽ കീഴടങ്ങിയ ഭഗത്‌സിംഗിന്റെ മോചനത്തിനായി പോരാടി. സ്വന്തം ആഭരണങ്ങൾ വിറ്റ് നിയമ പോരാട്ടത്തിന് പണം സ്വരൂപിച്ചു. വിപ്ളവകാരികൾക്കായി ഡൽഹിയിൽ ബോംബ് നിർമ്മാണ കേന്ദ്രം നടത്തുന്നതിൽ ദുർഗാവതിയും ഭർത്താവും പങ്കാളി.

ഭഗത്‌സിംഗിനെയും രാജ്ഗുരുവിനെയും രക്ഷപ്പെടാൻ സഹായിക്കണമെന്ന സുഖ്ദേവ് ഥാപറുടെ അഭ്യർത്ഥന സ്വീകരിച്ചു. ലാഹോർ- ഹൗറാ ട്രെയിൻ യാത്രയിൽ സ്വന്തം കുഞ്ഞിനെയുമെടുത്ത് ഭഗത്‌സിംഗിന്റെ ഭാര്യയായി വേഷമിട്ടു. രാജ്ഗുരു അവരുടെ വേലക്കാരനായി വേഷം മാറി. ലക്‌നൗവിൽ വച്ച് സംഘം വേർപിരിഞ്ഞു. ഭഗത്‌സിംഗും ദേവിയും ഹൗറയിലേക്കും രാജ്‌ഗുരു ബനാറസിലേക്കും പോയി. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിനൊപ്പം ദുർഗാവതി ലാഹോറിലേക്കു മടങ്ങി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ദുർഗാവതി ദേവി പൊതുജീവിതം മതിയാക്കി,​ ഗാസിയാബാദിൽ അധികമാരാലും തിരിച്ചറിയപ്പെടാതെ ജീവിച്ചു. പാവപ്പെട്ട കുഞ്ഞുങ്ങൾക്കായി പിന്നീട് ലക്‌നൗവിൽ സ്കൂൾ തുടങ്ങി. 1999- ൽ തൊണ്ണൂറ്റിരണ്ടാം വയസിൽ മരണം.