fpi

കൊച്ചി: സെൻസെക്‌സ് എക്കാലത്തെയും ഉയരമായ 64,​245.3 പോയിന്റിൽ മുത്തമിട്ടത് കഴിഞ്ഞവർഷം ഒക്‌ടോബർ 19നാണ്. അന്ന് ലിസ്‌റ്റഡ് കമ്പനികൾക്ക് (ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നവ)​ 'ബില്യൺ ഡോളർ ക്ളബ്ബിൽ" (100 കോടി ഡോളർ)​ ഇടംപിടിക്കാൻ വേണ്ടിയിരുന്ന വിപണിമൂല്യം 7,​500 കോടി രൂപയായിരുന്നു. റിലയൻസ് ഇൻഡസ്‌ട്രീസ്,​ ടി.സി.എസ്.,​ എച്ച്.ഡി.എഫ്.സി ബാങ്ക്,​ ഇൻഫോസിസ്,​ ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവ നയിക്കുന്ന ക്ളബ്ബിൽ അന്ന് 400 കമ്പനികളുമുണ്ടായിരുന്നു.

എട്ടുമാസങ്ങൾക്കിപ്പുറം സെൻസെക്‌സ് 15 ശതമാനം ഇടിഞ്ഞ് 52,​907 പോയിന്റിലേക്ക് തകർന്നടിയുകയും രൂപ ദുർബലമാകുകയും ചെയ്‌തതോടെ 60 കമ്പനികളാണ് ക്ളബ്ബിൽ നിന്ന് പുറത്തായത്. ഒക്‌ടോബറിലെ 75ൽ നിന്ന് റെക്കാഡ് താഴ്ചയായ 79ലേക്ക് ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തിയതാണ് മുഖ്യതിരിച്ചടി.

ജൂലായ് ഒന്നിലെ കണക്കുപ്രകാരം ക്ളബ്ബിൽ ഇടംനേടാൻ ആവശ്യമായ വിപണിമൂല്യം 7,895 കോടി രൂപയാണ്. ഇതോടെയാണ് ക്ളബ്ബ് അംഗങ്ങളുടെ എണ്ണം 340ലേക്ക് താഴ്‌ന്നത്. ബില്യൺ ഡോളർ ക്ളബ്ബ് അംഗങ്ങളുടെ സംയുക്ത വിപണിമൂല്യം ഒക്‌ടോബറിലെ 3.32 ലക്ഷം കോടി ഡോളറിൽ നിന്ന് 2.66 ലക്ഷം കോടി ഡോളറിലേക്കും ചുരുങ്ങി.

ക്ളബ്ബിന്റെ പടിയിറങ്ങിയവർ

(ബില്യൺ ഡോളർ ക്ളബ്ബ് അംഗത്വം നഷ്‌ടമായ പ്രമുഖ കമ്പനികൾ)​

 ലക്ഷ്‌മി ഓർഗാനിക്

 മണപ്പുറം

 മെട്രോപൊളിസ്

 ഫസ്‌റ്റ്‌സോഴ്‌സ്

 വെൽസ്‌പൺ ഇന്ത്യ

 ഇൻഡിഗോ പെയിന്റ്‌സ്

റിലയൻസിന്റെ ആധിപത്യം

ഓഹരിവിപണിയിലെ ഏറ്റവും മൂല്യമേറിയ കമ്പനി 20,​642 കോടി ഡോളറുമായി റിലയൻസ് ഇൻഡസ്‌ട്രീസാണ്. ടി.സി.എസ് (15,​369 കോടി ഡോളർ)​,​ എച്ച്.ഡി.എഫ്.സി ബാങ്ക് (9,​524 കോടി ഡോളർ)​,​ ഇൻഫോസിസ് (7,​877 കോടി ഡോളർ)​,​ എച്ച്.യു.എൽ (6,794 കോടി ഡോളർ)​ എന്നിവയാണ് ടോപ്പ് 5ലെ മറ്റുള്ളവർ.

കൊഴിയുന്ന നിക്ഷേപം

വൻതോതിൽ വിദേശനിക്ഷേപം കൊഴിയുന്നതാണ് ഓഹരികൾക്കും രൂപയ്ക്കും തിരിച്ചടിയാകുന്നത്. ജൂണിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ)​ 50,​203 കോടി രൂപ പിൻവലിച്ചു. തുടർച്ചയായ 9-ാം മാസമാണ് നഷ്‌ടം. ഒക്‌ടോബർ മുതൽ ഇതുവരെ മാത്രം നഷ്‌ടം 2.2 ലക്ഷം കോടി രൂപ.