tikka

ബ്രിട്ടീഷ് അധീനതയിലായിരുന്ന മണിപ്പൂരിലെ യുവരാജാവ്. മഹാരാജാ ചന്ദ്രാകൃതി സിംഗിന്റെ ഇളയ പുത്രൻ. മഹാരാജാവിന്റെ മരണശേഷം ജ്യേഷ്ഠൻ സുരചന്ദ്ര സിംഗ് അധികാരമേറ്റപ്പോൾ ടിക്കന്ദ്രജിത് സൈന്യാധിപനായി. ബ്രിട്ടീഷുകാരുടെ ചൊൽപ്പടിക്കാരനായ സുരചന്ദ്ര സിംഗിനെ അട്ടിമറിച്ച് മണിപ്പൂരിന്റെ പരമാധികാരം ഉറപ്പിക്കുകയായിരുന്നു ടിക്കന്ദ്രജിത്തിന്റെ ലക്ഷ്യം. മണിപ്പൂരിനെ കോളനിയാക്കാൻ ഉന്നമിട്ടിരുന്ന ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം മറ്റൊരു സഹോദരൻ കുലചന്ദ്ര സിംഗിന്റെ സഹായത്തോടെ പോരാടി. കൊട്ടാര വിപ്ളവത്തെ തുടർന്ന് പലായനം ചെയ്ത സുരചന്ദ്ര ബ്രിട്ടീഷുകാർക്കു മുന്നിൽ അഭയം തേടി.

കുലചന്ദ്ര രാജ്യാധികാരമേറ്റു. ടിക്കന്ദ്രജിത് യുവരാജാവ്. കുലചന്ദ്രയെ രാജാവായി അംഗീകരിച്ച്,​ ടിക്കന്ദ്രജിത്തിനെ രാജ്യത്തു നിന്ന് പുറത്താക്കുകയായിരുന്നു ബ്രിട്ടീഷ് പദ്ധതി. വൈസ്രോയിയുടെ കല്പനപ്രകാരം ബ്രിട്ടീഷ് സൈന്യം മണിപ്പൂർ കൊട്ടാരം ആക്രമിക്കാനെത്തി. ടിക്കന്ദ്രജിത്തിനെ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കുലചന്ദ്ര നിരസിച്ചു. ദിവസങ്ങൾക്കകം യുവരാജാവിന്റെ കൊട്ടാരം ആക്രമിച്ച സൈന്യം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കി. ക്ഷുഭിതരായ ജനക്കൂട്ടം അഞ്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു.

1891 -ലെ ആംഗ്ളോ- മണിപ്പൂർ യുദ്ധത്തിനു വഴിവച്ചത് ഈ സംഭവം. മണിപ്പൂർ സൈന്യത്തെ നയിച്ചത് ടിക്കന്ദ്രജിത് ആയിരുന്നു. യുദ്ധത്തിൽ ബ്രിട്ടീഷുകാർ കൊട്ടാരം പിടിച്ചെടുക്കുകയും കുലചന്ദ്രയെ സ്ഥാനഭ്രഷ്ടനാക്കി,​ പ്രായപൂർത്തിയാകാത്ത ശൂരചന്ദ്ര സിംഗിനെ വാഴിക്കുകയും ചെയ്തു. ഒളിവിൽ പോയെങ്കിലും വൈകാതെ അറസ്റ്റിലായ ടിക്കന്ദ്രജിത്തിന് വധശിക്ഷ വിധിച്ചു. മാപ്പപേക്ഷിച്ച കുലചന്ദ്രയെ ആൻഡമാനിലേക്ക് നാടുകടത്തി. 1891 ഓഗസ്റ്റ് 13 ന് ഇംഫാലിലെ പോളോ ഗ്രൗണ്ടിൽ ജനങ്ങൾ കാൺകെ ടിക്കന്ദ്രജിത് തൂക്കിലേറ്റപ്പെട്ടു. ടിക്കന്ദ്രജിതിന്റെ രക്ഷസാക്ഷി ദിനം മണിപ്പൂർ ദേശഭക്തി ദിനമായി ആചരിക്കുന്നു.