car-sales

ന്യൂഡൽഹി: കൊവിഡും സാമ്പത്തികഞെരുക്കവും ഉത്പാദനക്കുറവും മൂലം മുൻമാസങ്ങളിൽ നഷ്‌ടപാതയിലായിരുന്ന ഇന്ത്യൻ റീട്ടെയിൽ വാഹനവിപണി ജൂണിൽ കാഴ്ചവച്ചത് നേട്ടത്തിലേക്കുള്ള വൻ കുതിച്ചുകയറ്റം. 2-വീലർ മുതൽ വാണിജ്യശ്രേണി വരെയുള്ള എല്ലാവാഹന വിഭാഗങ്ങളും ചേർന്ന് കഴിഞ്ഞമാസം കുറിച്ചത് 27.16 ശതമാനം വില്പനവളർച്ച.

സെമികണ്ടക്‌ടർ (ചിപ്പ്)​ ക്ഷാമം കുറയുന്നതും മൊത്തവില്പനയിലെ തടസങ്ങൾ അയയുന്നതുമാണ് ഉണർവിന് പിന്നിലെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ)​ വ്യക്തമാക്കി. എന്നാൽ,​ നാണയപ്പെരുപ്പം നിയന്ത്രണാതീതമായി കുതിക്കുന്നത് ആശങ്കയാണ്. റീട്ടെയിൽ വില്പന ഇപ്പോഴും കൊവിഡിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന നിരാശയും നിഴലിക്കുന്നു.

ഉണർവിന്റെ ട്രാക്ക്

വിവിധശ്രേണികളും കഴിഞ്ഞമാസത്തെ വില്പന വളർച്ചയും കൊവിഡിന് മുമ്പ് 2019 ജൂണുമായുള്ള താരതമ്യവും

ശ്രേണി 2022 ജൂൺ 2019 ജൂൺ

2 വീലർ 20.23% -16.17%

3 വീലർ 212.45% -5.71%

കാർ 40.15% +27.01%

ട്രാക്‌ടർ 9.66% +40.01%

വാണിജ്യം 89.04% +3.93%

ആകെ 27.16% -8.68%

ടൂവീലറിൽ ഹീറോ;

കാറുകളിൽ മാരുതി

ടൂവീലറുകളിൽ 34.24 ശതമാനം വിപണിവിഹിതവുമായി ഹീറോ മോട്ടോകോർപ്പ് ഒന്നാംസ്ഥാനം നിലനിറുത്തി. ഹോണ്ടയാണ് രണ്ടാമത്; 25.53 ശതമാനം. ത്രീവീലറുകളിൽ 24.72 ശതമാനവുമായി ബജാജാണ് ഒന്നാമത്. വാണിജ്യശ്രേണിയിൽ ഒന്നാംസ്ഥാനത്ത് ടാറ്റ; 41.11 ശതമാനം.

പാസഞ്ചർ ശ്രേണിയിൽ (കാർ,​ എസ്.യു.വി.,​ വാൻ)​ മാരുതി 41.03 ശതമാനവുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. രണ്ടാംസ്ഥാനം ടാറ്റയ്ക്കാണ് (14.18 ശതമാനം)​. മൂന്നാമത് ഹ്യുണ്ടായ് (14.18 ശതമാനം)​. ടാറ്റയും ഹ്യുണ്ടായിയും തമ്മിലെ വില്പനയിൽ 20ഓളം യൂണിറ്റുകളുടെ വ്യത്യാസമേയുള്ളൂ.