
ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത ആശങ്കനൽകി ജൂണിൽ വ്യാപാരക്കമ്മി റെക്കാഡ് ഉയരത്തിലെത്തി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2021 ജൂണിലെ 961 കോടി ഡോളറിൽ നിന്ന് 2,563 കോടി ഡോളറിലേക്കാണ് കഴിഞ്ഞമാസം കുതിച്ചുകയറിയത്. ക്രൂഡോയിൽ, കൽക്കരി, സ്വർണം ഇറക്കുമതിയിലെ വൻ വർദ്ധനയാണ് വ്യാപാരക്കമ്മി കൂടാനുള്ള മുഖ്യകാരണം.
റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ക്രൂഡ്, മറ്റ് കമ്മോഡിറ്റി വിലകൾ ഉയർന്നതും ഡോളറിനെതിരെ രൂപ ദുർബലമായതും ഇറക്കുമതിച്ചെലവ് കൂടാനിടയാക്കി. ഇറക്കുമതി ഉത്‌പന്നങ്ങളുടെ വിലകൂടുന്നത് ഇന്ത്യയിൽ നാണയപ്പെരുപ്പം (വിലക്കയറ്റം) ഉയരാനും വഴിയൊരുക്കും. 'ഇറക്കുമതി നാണയപ്പെരുപ്പം" അഥവാ ഇംപോർട്ടഡ് ഇൻഫ്ളേഷൻ ഇന്ത്യയെ വലയ്ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ആഭ്യന്തര ക്രൂഡോയിൽ കയറ്റുമതിക്ക് നികുതി ഏർപ്പെടുത്തിയതും സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5ൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയതും. നടപ്പുവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) വ്യാപാരക്കമ്മി 7,025 കോടി ഡോളറാണ്. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 3,142 കോടി ഡോളറായിരുന്നു.
കറന്റ് അക്കൗണ്ട് കമ്മിയും വലയ്ക്കും
കറന്റ് അക്കൗണ്ട് ബാലൻസ് (വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരം) 'കമ്മി"യായി തുടരുന്ന രാജ്യമാണ് ഇന്ത്യ. കറന്റ് അക്കൗണ്ട് കമ്മി ജനുവരി-മാർച്ചിൽ 1,300 കോടി ഡോളറായിരുന്നു. ഏപ്രിൽ-ജൂണിൽ ഇത് 3,000 കോടി ഡോളർ കടന്നുവെന്നാണ് വിലയിരുത്തൽ.
കുതിക്കുന്ന കയറ്റുമതി;
വലയ്ക്കുന്ന ഇറക്കുമതി
കയറ്റുമതി വരുമാനം മികച്ചനിലയിൽ കൂടുന്നുണ്ടെങ്കിൽ അതിനേക്കാൾ വേഗത്തിൽ ഇറക്കുമതിച്ചെലവ് കുതിക്കുന്നതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയാകുന്നത്. 16.78 ശതമാനം വർദ്ധിച്ച് കയറ്റുമതി കഴിഞ്ഞമാസം 3,794 കോടി ഡോളറിലെത്തി. ഇറക്കുമതി 51 ശതമാനം മുന്നേറി 6,358 കോടി ഡോളറായി.
$11,670 കോടി
ഏപ്രിൽ-ജൂണിൽ കയറ്റുമതി 22 ശതമാനം ഉയർന്ന് 11,670 കോടി ഡോളറാണ്. ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന ആദ്യപാദ കയറ്റുമതി വരുമാനമാണിത്.
സ്വർണം ഇറക്കുമതി
169% ഉയർന്നു
കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മികൾ കൂടാനുള്ള കാരണങ്ങളിലൊന്ന് സ്വർണം ഇറക്കുമതി വർദ്ധനയാണ്. ജൂണിൽ 169 ശതമാനം വളർച്ചയുമായി 261 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ വാങ്ങി. 2021 ജൂണിലെ ഇറക്കുമതി 96.9 കോടി ഡോളറായിരുന്നു. 17 ടണ്ണിൽ നിന്ന് 49 ടണ്ണിലേക്കാണ് ഇറക്കുമതി ഉയർന്നത്.