
വിദേശരാജ്യത്ത് ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യ പതാക ഉയർത്തിയ വനിത.1907 ൽ ജർമ്മനിയിലെ സ്റ്റഡ്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിലായിരുന്നു മാഡം കാമ എന്ന ഭിക്കാജി റസ്തം കാമ പതാകയുടെ ആദ്യ പതിപ്പ് ഉയർത്തിയത്. സ്വാതന്ത്യസമരത്തിന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുകയും സ്ത്രീകളുടെ സ്വാതന്ത്യത്തിനും അവകാശങ്ങൾക്കുമായി പ്രവർത്തിക്കുകയും ചെയ്ത അവർ ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു.
1861 ൽ ഭിക്കാജി സൊറാബ് പട്ടേലിന്റെയും ജെയ്ജി ഭായ് പട്ടേലിന്റെയും മകളായി മുംബയിലെ സമ്പന്ന കുടുംബത്തിൽ ജനനം. സ്കൂളിൽ പഠിക്കുമ്പോൾതന്നെ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ട.
1896 ൽ മുംബയിൽ പടർന്നുപിടിച്ച ക്ഷാമത്തിലും പ്ലേഗിലും ദുരിതമനുഭവിച്ചവർക്കായി പ്രവർത്തിച്ചു. പ്ലേഗ് ബാധിച്ചപ്പോൾ ചികിത്സയുടെ ഭാഗമായി ലണ്ടനിൽപോയ കാമ, ദേശീയപ്രസ്ഥാന വക്താവ് ശ്യാംജി കൃഷ്ണ വർമ്മയുടെയും ദാദാഭായ് നവറോജിയുടെയും സ്വാധീനത്തിൽ സമരമുഖത്തേക്കെത്തി. 1905 ൽ ഇവരോടൊപ്പം ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കമിട്ടു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കില്ലെങ്കിൽ മാത്രം ഇന്ത്യയിൽ പ്രവേശിക്കാമെന്ന ബ്രിട്ടീഷ് നിബന്ധന തള്ളിക്കളഞ്ഞ് ലണ്ടനിൽവച്ച് വന്ദേ മാതരം, തൽവാർ എന്നീ പ്രസിദ്ധീകരണങ്ങളും പാരീസ് ഇന്ത്യൻ സൊസൈറ്റിയും ആരംഭിച്ച് പ്രവർത്തനം തുടർന്നു. 34 വർഷങ്ങൾക്കു ശേഷം 1936ൽ ഇന്ത്യയിൽ തിരിച്ചെത്തിയ കാമ ആഗസ്റ്റ് 13 ന് 75 ാം വയസിൽ അന്തരിച്ചു. അവരോടുള്ള ആദരമായി ഡൽഹി രാമകൃഷ്ണപുരത്തിനടുത്തുള്ള വ്യാപാരകേന്ദ്രത്തിന് ഭിക്കാജി കാമ പ്ലേസ് എന്ന് പേരു നൽകി.