
ഭുവനേശ്വർ: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്നലെ ഒഡിഷയിലെത്തി മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും ബി.ജെ.ഡി എം.പിമാരും എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തി. മുർമുവിന് മുഖ്യമന്ത്രി നവീൻ പട്നായിക്ക് തന്റെ വസതിയായ നവീൻ നിവാസിൽ ഒരുക്കിയത് വിഭവസമൃദ്ധമായ ഭക്ഷണമാണ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും ബി.ജെ.ഡിയുടെ പാർലമെന്ററി പാർട്ടി നേതാവ് പിനാകി മിശ്രയും ഒപ്പമുണ്ടായിരുന്നു. തന്റെ സഹോദരതുല്യനായ പട്നായിക്ക് നൽകുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി പറയാൻ മുർമു മറന്നില്ല.
ബിജു പട്നായിക്ക് വിമാനത്താവളത്തിൽ എത്തിയ മുർമുവിന് ബി.ജെ.പി വനിതാ നിയമസഭാംഗം കുസും തെതെയും ഭുവനേശ്വർ എം.പി അപരാജിത സാരംഗിയും നൽകിയത് ആചാരപരമായ സ്വീകരണമാണ്. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാനായി തിരഞ്ഞടുത്തതിന് പ്രധാനമന്ത്രിയോട് ഒരുപാട് നന്ദിയുണ്ടെന്നും വികാരാധീനയായി അപരാജിത പറഞ്ഞു. ഒഡിഷയുടെ മകളെ വരവേൽക്കാൻ വഴിനീളെ പരമ്പരാഗത വേഷമണിഞ്ഞ സ്ത്രീകൾ നൃത്തം ചെയ്യുകയും ഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. മുർമുവിന്റെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
അസാമിലും മിസോറാമിലും സന്ദർശനം നടത്തിയ മുർമു ജൂലായ് 14 ന് ഗോവയിലെത്തുമെന്നാണ് സൂചന. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഗോത്രവർഗ വനിതയുമാണ് മുർമു എന്നതും ശ്രദ്ധേയമാണ്.