
ന്യൂഡൽഹി : കാശ്മീരിലെ അമർനാഥ് ഗുഹയുടെ താഴ്‌വരയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ പതിനഞ്ച് പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
താഴ്‌വരയിൽ സ്ഥാപിച്ചിരുന്ന ടെന്റുകളും തീർത്ഥാടകർക്കായി സജ്ജമാക്കിയിരുന്ന സമൂഹ അടുക്കളയും തകർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണസേനയും ഹെലികോപ്റ്ററിലെത്തി രക്ഷാദൗത്യം നിർവഹിച്ചു. പരിക്കേറ്റവരെ കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് കാശ്മീർ ഐ.ജി പി.വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് വെള്ളം നിറഞ്ഞതിനെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിറുത്തിവച്ചു.
കൊവിഡ് മഹാമാരിയെ തുടർന്ന് നിറുത്തി വച്ച അമർനാഥ് തീർത്ഥാടനം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30നാണ് പുനരാരംഭിച്ചത്. 72,000 ലധികം തീർത്ഥാടകരാണ് അതിനു ശേഷം ഇവിടം സന്ദർശിച്ചത്. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും ജമ്മു-കാശ്മീർ പൊലീസും കരസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.