
ന്യൂഡൽഹി: ഇന്ത്യയിലെ ടെലികോം കമ്പനികളെയും ടെക്‌നോളജി പ്രിയരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തി 5ജി സ്‌പെക്‌ട്രം ലേലത്തിന് അപേക്ഷിച്ച് ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും. കേന്ദ്രം ഈമാസം അവസാനം നടത്തുന്ന ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട അവസാനതീയതിയായ ജൂലായ് എട്ടിന് മറ്റ് മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾക്കൊപ്പം അദാനി ഗ്രൂപ്പും അപേക്ഷിച്ചു.
മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ റിലയൻസ് ജിയോ, ശതകോടീശ്വരൻ സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നിവയാണ് അപേക്ഷിച്ച മറ്റ് കമ്പനികൾ.
ലക്ഷ്യം സൈബർസുരക്ഷ ശക്തമാക്കൽ
ഉപഭോക്താക്കൾക്ക് ടെലികോം സേവനം നൽകുന്ന ബിസിനസിലേക്ക് കടക്കാനല്ല 5ജി സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കമ്പനിക്ക് സാന്നിദ്ധ്യമുള്ള വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ലോജിസ്‌റ്റിക്‌സ്, ഊർജോത്പാദനം, ഊർജവിതരണം, മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ സൈബർ സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഗ്രാമീണമേഖലകളിൽ അദാനി ഫൗണ്ടേഷൻ മുഖേന നടപ്പാക്കാൻ അടുത്തിടെ പ്രഖ്യാപിച്ച വിദ്യാഭ്യാസം, ഹെൽത്ത്‌കെയർ, വൈദഗ്ദ്ധ്യവികസനം എന്നിവ കൂടുതൽ മികവോടെ പ്രാവർത്തികമാക്കാനും 5ജി സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ടെക് ഭീമന്മാരായ ഗൂഗിൾ, ആമസോൺ എന്നിവയ്ക്ക് വെല്ലുവിളിയെന്നോണം ഡേറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള ഒരുക്കവുമുണ്ട്. എഡ്ജ്കണക്‌സ് എന്ന കമ്പനിയുമായി ചേർന്ന് ചെന്നൈ, നവിമുംബയ്, വിശാഖപട്ടണം, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്.
5ജി ലേലം
ഈമാസം 26നോ 27നോ ലേലം ആരംഭിക്കും. 20 വർഷക്കാലാവധിയുള്ള 72 ജിഗാഹെട്‌സ് സ്‌പെക്‌ട്രമാണ് ലേലത്തിനുള്ളത്. മൊത്തം വില്പനമൂല്യം ₹4.5 ലക്ഷം കോടി. ഒരുലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ഉടമസ്ഥാവകാശ വിവരങ്ങൾ ജൂലായ് 12ന് ടെലികോംവകുപ്പ് പുറത്തുവിടും.
അദാനിയും അംബാനിയും
മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തുകാരാണ്. ഇരുവരും ഇതുവരെ ഒരേ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിട്ടില്ല. എണ്ണ, പെട്രോകെമിക്കൽ മേഖലയിൽ നിന്ന് അംബാനി പിന്നീട് റീട്ടെയിൽ, ടെലികോം മേഖലയിലേക്ക് ചുവടുവച്ചു. തുറമുഖ മേഖലയിൽ തുടങ്ങിയ അദാനിക്ക് ഇപ്പോൾ കൽക്കരി, ഊർജവിതരണം, വ്യോമയാന മേഖലകളിലും സാന്നിദ്ധ്യമുണ്ട്.