
ശ്രീനഗർ : അമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണമടഞ്ഞവരുടെ എണ്ണം 16 ആയി. മണ്ണിനടിയിൽ കുടുങ്ങിയവർക്കായി സൈന്യവും ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ദുരന്തമേഖലയിൽ നിന്ന് 15,000 തീർത്ഥാടകരെ ഗുഹാക്ഷേത്രത്തിന് സമീപത്തെ താഴ്‌വരയിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേനയുടെ 75 പേരടങ്ങുന്ന മൂന്ന് യൂണിറ്രുകളാണ് രംഗത്തുള്ളത്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങളോടെയാണ് സേനയുടെ രക്ഷാപ്രവർത്തനം. ഹാൻഡ് ഹെൽഡ് തെർമൽ ഇമേജേഴ്സ്, നൈറ്റ് വിഷൻ ഡിവൈസസ് തുടങ്ങിയവയുടെ സഹായത്തോടെയാണ് തെരച്ചിൽ. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ രണ്ട് ഹെലികോപ്ടറുകൾ, വാൾ റഡാർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.