
ജയ്‌പൂർ: അച്ഛന്റെ കടുത്ത മദ്യപാനവും സാമ്പത്തിക ബാദ്ധ്യതകളും കാരണം മകൾ അച്ഛനെ ക്വട്ടേഷൻ കൊടുത്തു കൊന്നു. ഉദയ്‌പൂരിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്ന രാജേന്ദ്രമീണയാണ്(47) മകളുടെയും കാമുകന്റെയും ക്വട്ടേഷനിൽ കൊല്ലപ്പെട്ടത്. ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20) എന്നിവരാണ് അഞ്ചംഗ സംഘത്തിന് 50,000 രൂപ നൽകി കൊലപാതകം ആസൂത്രണം ചെയ്തത്. ജൂൺ 25ന് രാത്രി വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന രാജേന്ദ്രമീണയെ ആയുധധാരികളായ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് കോട്ട സൂപ്രണ്ട് ഒഫ് പൊലീസ് കേവേന്ദ്രസിംഗ് സാഗർ പറഞ്ഞു. രാജേന്ദ്രമീണയുടെ അച്ഛന്റെ പരാതിയിലാണ് ഡിവൈ.എസ്.പി രാകേഷ് മാലിക് കൊലപാതക കുറ്രത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ക്വട്ടേഷൻ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കടത്തിൽ മുങ്ങിയ രാജേന്ദ്രമീണ സുൽത്താൻപൂരിലുള്ളആദ്യ ഭാര്യയുടെ വീട് വിൽക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് ശിവാനിയെ ക്വട്ടേഷൻ നൽകാൻ പ്രേരിപ്പിച്ചത്.