
കൊച്ചി: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യൻ നിരത്തുകൾക്ക് ഇണങ്ങുംവിധം ഒരുക്കിയ പുത്തൻ ഹാച്ച്ബാച്ച് സി3 ഈമാസം 20ന് നിരത്തിലെത്തും. ഇന്ത്യയിൽ സിട്രോണിന്റെ രണ്ടാമത്തെ മോഡലാണിത്.
90 ശതമാനവും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ സിട്രോണിന്റെ അവതരണം കൊച്ചിയിലും കോഴിക്കോട്ടും നടന്നു. ഷോറൂമുകളിലും വെബ്‌സൈറ്റിലും പ്രീ-ബുക്കിംഗിനും തുടക്കമായി. മെയ്ഡ് ഇൻ ഇന്ത്യ സിട്രോൺ സി3 ലാറ്റിൻ അമേരിക്ക, ആസിയാൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും.
ലൈവ്, ഫീൽ എന്നീ രണ്ട് വേരിയന്റുകളിലാകും സിട്രോൺ സി3 എത്തുക. 82 പി.എസ് കരുത്തുള്ള നാച്വറലി ആസ്‌പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളും പ്രതീക്ഷിക്കാം. ആദ്യ എൻജിനൊപ്പം 5-സ്പീഡ് മാനുവലാകും ഗിയർ സംവിധാനം. ടർബോ എൻജിനൊപ്പം 6-സ്പീഡ് മാനുവലും. ഓട്ടോമാറ്റിക് വേർഷൻ പിന്നീടെത്തും.