
ലക്‌നൗ : നമ്മുടെ നാട്ടിൽ ഒരു ഒാട്ടോയിൽ കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം മൂന്ന്. എങ്കിലും അഞ്ചും ആറും യാത്രക്കാരെയും കയറ്റി പോകുന്ന ഓട്ടോകൾ നമ്മുടെ നാട്ടിൽ അപൂർവമല്ല. എന്നാൽ, ഉത്തർപ്രദേശിലെ ഫത്തേപ്പൂർ നഗരത്തിലൂടെ പായുന്നത് കണ്ട ഓട്ടോയ്ക്ക് കൈ കാണിച്ച് നിറുത്തിയ പൊലീസും കാര്യമറിയാൻ തടിച്ച് കൂടിയവരും അകത്ത് തിങ്ങിക്കൂടിയിരിക്കുന്നവരെ കണ്ട് ഞെട്ടി. പ്രായമായവരും കുട്ടികളും അടക്കം ഒാട്ടോയിൽ കുത്തിനിറച്ചിരുന്ന 27 പേരെയാണ് പൊലീസ് എണ്ണിയിറക്കിയത്. ഡ്രൈവറെക്കൂടി കൂട്ടിയാൽ ആകെ 28 പേർ. ട്രാഫിക്ക് നിയമലംഘനത്തിന് പൊലീസ് ഒാട്ടോ പിടിച്ചെടുത്തിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന്... എന്ന് പറഞ്ഞ് പൊലീസ് യാത്രക്കാരെ എണ്ണിയിറക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.