raja

ഓർമ്മയായത് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ

കൊൽക്കത്ത: മൃഗസ്നേഹികളെ ദുഃഖത്തിലാഴ്ത്തി രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ രാജ വിടവാങ്ങി. 25വയസും പത്തുമാസവുമായിരുന്നു പ്രായം. പശ്ചിമബംഗാളിലെ ജൽദാപര വനത്തിലെ അഭയകേന്ദ്രത്തിലായിരുന്നു അന്ത്യം.

കാട്ടിലെ രാജാവായി വാണിരുന്ന രാജയെ 2008ലാണ്

സൗത്ത് കൈർബരി വനത്തിലെത്തിച്ചത്.

സുന്ദർബാൻസിൽ വച്ച് മുതലയുമായുള്ള ഏറ്റമുട്ടലിൽ പത്തോളം പരിക്കേറ്റ് അവശനായിരുന്നു അന്ന് രാജ. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് 'വീര' രാജയായി.

ബംഗാൾ കടുവകളുടെ ശരാശരി ആയുസ്സ് 15 മുതൽ 16 വർഷം വരെയാണ്. ആയുർദൈർഘ്യത്തിന്റെ അളവുകോലുകളെ വെല്ലുവിളിച്ചായിരുന്നു രാജയുടെ ജീവിതം.

ആഗസ്റ്റ് 23ന് രാജയുടെ 26-ാം പിറന്നാളാഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം സംഭവിച്ചത്. രാജയുടെ വേർപാടിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് അനുശോചിച്ചു.

വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങൾക്കിടയിൽ രാജയുടെ അതിശയകരമായ ജീവിത കഥ എക്കാലവും ഓ‌ർമ്മിക്കപ്പെടുമെന്ന് ജൽദപ്പാറ വൈൽഡ്ലൈഫ് ഡിവിഷണൽ ഓഫീസർ ദീപക് എം പറ‍ഞ്ഞു. കടുവ സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് 2021ൽ ഇന്ത്യയിൽ 126 കടുവകൾ ചത്തു. ലോകത്തിലെ ആകെ കടുവകളുടെ 75ശതമാനത്തോളം ഇന്ത്യയിലാണ്.