pollution

തിരുവനന്തപുരം: 'മക്കളേ ഈ പ്ലാസ്‌റ്റിക് ചവർ കൂട്ടിയിട്ട് കത്തിക്കുന്നത് കാരണം രാത്രി നേരെ ഉറങ്ങാൻ പോലും പറ്റുന്നില്ല' 87 വയസുളള ആസ്‌തമ രോഗിയായ രാജലക്ഷ്‌മി അമ്മയുടെ വാക്കുകളാണിത്.ശ്രീകണ്‌ഠേശ്വരം നീരാഴി ലെയ്‌നിലാണ് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്.രാത്രിയിൽ കത്തിക്കുന്നവ പകൽ സമയത്തും പുകഞ്ഞു കത്തുകയാണ്. മഴപെയ്ത് നനഞ്ഞ പ്ലാസ്റ്റിക്കുകളും ചെരുപ്പുകളും അടങ്ങുന്ന ചവ‌റുകൾ അസഹനീയമായ പുകയാണ് പടർത്തുന്നത്. കനത്ത മഴ പെയ്യുമ്പോൾ ചവറുകൾ വെള്ളത്തോടൊപ്പം അടുത്തുള്ള കടകളിലും വീടുകളിലും കയറും.വെള്ളമിറങ്ങുമ്പോൾ മുറ്റങ്ങളിൽ കുമിഞ്ഞുകൂടും.തക്കാളിപ്പനി ഉൾപ്പെടെയുളള പകർച്ചവ്യാധികൾ നഗരത്തിൽ വ്യാപകമാകുന്നതിനിടെയാണ് നഗരമദ്ധ്യത്തിൽ ഇത്തരമൊരു സംഭവം നടക്കുന്നത്.എത്രയും വേഗം ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചവർ കത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് വാ‌ർഡ് കൗൺസിലർ പി.രാജേന്ദ്രൻ നായർ പറഞ്ഞു.