pitbull

ലക്നൗ: ഉണ്ടചോറിന് ഇത്തിരി പോലും കൂറു കാണിക്കാതെയാണ് തന്നെ പോറ്റിയ യജമാനത്തിയെ പിറ്റ്ബുൾ കടിച്ചു കീറിയത്. നായയോളം നന്ദിയുള്ള മറ്റൊരു മ‌ൃഗമില്ലെന്ന് പറഞ്ഞാലും,​ പാലുകൊടുത്ത കൈക്ക് കടിക്കുന്ന പോലുള്ള സംഭവമാണ് ഉത്ത‌ർപ്രദേശിലെ ഖൈസർബാദിലുണ്ടായത്. റിട്ടയേർഡ് സ്കൂൾ അദ്ധ്യാപികയായ സുശീല ത്രിപാദിയാണ് (82)​ പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന്റെ ടെറസിലൂടെ നായയുമൊത്ത് നടക്കുമ്പോഴായിരുന്നു ആക്രമണം. രക്ഷാപ്രവർത്തകർ വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ വീടിന്റെ മുകളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇളയമകനോപ്പമായിരുന്ന സുശീലയുടെ താമസം. പിറ്റ്ബുൾ കൂടാതെ മറ്റൊരു നായയും അവിടെയുണ്ട്. പൊതുവേ ആക്രമണസ്വഭാവമുള്ളവയാണ് പിറ്റ്ബുൾ നായ്ക്കൾ. വന്യസ്വഭാവമുള്ള ഇതിനെ വളർ‌ത്താനും പ്രത്യേക ലൈസൻസ് ആവശ്യമാണ്. ഇവ‌ർക്ക് ലൈസൻസ് ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 1991ൽ യു.കെയിലെ ഡെയ്ഞ്ചറസ് ഡോഗ്സ് നിയമപ്രകാരം പിറ്റ് ബുളിനെ അപകടകാരിയായ നായ്ക്കളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. പിറ്റ്ബുളിന്റെ ആക്രമണം ഇതിനു മുമ്പു പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടണിലും ഫ്രാൻസിലും ഇതിനെ വളർത്തുന്നതിന് നിരോധനമുണ്ട്.

പിറ്റ്ബുൾ

1. ആക്രമണകാരികളായ ബുൾഡോഗ്,​ ടെറിയ‍ർ നായ്ക്കളുടെ വിഭാഗത്തിൽ പെടുന്നു.

2. ആയുസ്സ് 8-15 വ‌ർഷം

3. ഭാരം 16-27 കിലോഗ്രാം

4. ഉയരം 45- 53 സെന്റീമീറ്റർ