
സ്വാതന്ത്ര്യസമര രംഗത്തേക്ക് കടന്നുവന്ന ആദ്യ മുസ്ലിം സ്ത്രീകളിൽ ഒരാൾ. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനങ്ങളിലെ പ്രമുഖ. മുസ്ലിം സമുദായത്തിലെ നിരവധി സ്ത്രീകളെ സമരമുഖത്തെത്തിച്ച് പോരാടി. പർദ്ദ ധരിച്ച് മഹാത്മാ ഗാന്ധിക്കൊപ്പം രാജ്യം മുഴുവൻ യാത്രചെയ്ത് പ്രസംഗിച്ചു. 'ബീ അമ്മ' എന്നും അറിയപ്പെടുന്നു. 1924 ൽ 74- ാം വയസിൽ മരിക്കുംവരെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സജീവമായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളായ അലി സഹോദരന്മാർ മക്കളാണ്.
1850 ൽ ഉത്തർപ്രദേശിലെ ദേശീയപ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന കുടുംബത്തിൽ ജനനം. ചെറുപ്രായത്തിലേ വിധവയായി. വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാതിരുന്ന ബീഗം, മതവിദ്യാഭ്യാസത്തിനു പകരം കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെ നൽകി.
ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ സമരമുഖത്തേക്ക്. കോൺഗ്രസ് - മുസ്ലീം ലീഗ് പരിപാടികളിലെ നിറസാന്നിദ്ധ്യം. ആനി ബസന്റിനെയും അലി സഹോദരന്മാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും മുസ്ലീം സ്ത്രീകളെ സമരപാതയിലെത്തിക്കാനുള്ള ഗാന്ധിജിയുടെ അഭ്യർത്ഥനപ്രകാരവും രാജ്യമാകെ യാത്രചെയ്ത് പ്രസംഗിച്ചു. ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാവായി ബീഗം മാറി. അലഹബാദ് കോൺഗ്രസ് സമ്മേളനത്തിലെ ഓൾ ഇന്ത്യ ലേഡീസ് കോൺഫറൻസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടിയുള്ള ധനസമാഹരണ പരിപാടിയായ തിലക് സ്വരാജ് ഫണ്ടിനും വിദേശവസ്ത്ര ബഹിഷ്കരണത്തിനും ഖദർ പ്രോത്സാഹനത്തിനും നേതൃത്വം നൽകി. മക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുമ്പോൾ തനിക്ക് മുഖാവരണത്തിന്റെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് പഞ്ചാബിൽ നടന്ന കോൺഫറൻസിൽ ആദ്യമായി മുഖാവരണം മാറ്റി സംസാരിച്ചു. സ്വാതന്ത്ര്യത്തിന് സാമുദായിക സൗഹാർദ്ദം അനിവാര്യമാണെന്നും ഒരു ജീവിയും ബ്രിട്ടീഷുകാരുടെ അടിമയായിരിക്കരുതെന്നും പ്രസംഗങ്ങളിലൂടെ നിരന്തരം ആഹ്വാനം ചെയ്തു.
ബീഗത്തോടുള്ള ആദര സൂചകമായി ഡൽഹി ജാമിയ മിലിയ സർവകലാശാലാ ഹോസ്റ്റലുകളിലൊന്നിന് ബീ അമ്മ എന്ന പേരു നൽകിയിരിക്കുന്നു.