p

തിരുവനന്തപുരം: സിനിമയുൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായം തുറന്നു പറയുന്നതിനാൽ കേന്ദ്ര സ‌ർക്കാർ തന്നെ ശത്രുവായിട്ടാണ് കാണുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറ‌ഞ്ഞു. മലയാള സിനിമയിൽ 50 വർഷം പിന്നിട്ട അടൂരിന് തിരുവനന്തപുരം പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ അഭിപ്രായങ്ങളും മാനിച്ചുള്ള ഭരണമാണ് ജനാധിപത്യം. ഭൂരിപക്ഷത്തിനൊപ്പം ന്യൂനപക്ഷങ്ങളെയും ചേർത്ത് ജനങ്ങൾക്കുപകാരമുള്ളവയാണ് സർക്കാർ ചെയ്യേണ്ടത്.

പ്രതിസന്ധികൾ നേരിട്ടാണ് ഓരോ സിനിമയും ചെയ്യുന്നത്. ഇതല്ലാതെ മറ്റൊരു തൊഴിൽ തനിക്കറിയില്ല. താത്പര്യമില്ലെങ്കിലും കൂടെ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് ചിത്രങ്ങൾ അവാർഡിനു സമർപ്പിക്കുന്നത്. സ്വയംവരം സിനിമയ്ക്ക് അവാർഡ് കിട്ടിയെന്നറിഞ്ഞത് ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ്. റേഡിയോയ്‌ക്കു തെറ്റുപറ്റിയതാകും എന്നാണ് ആദ്യം കരുതിയത്. മലയാള സിനിമ സർഗാത്മക പ്രതിസന്ധിയിലാണെന്നും അടൂർ പറഞ്ഞു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.എൽ.എമാരായ എം.കെ. മുനീർ, പി.സി. വിഷ്ണുനാഥ്, കവി പ്രൊഫ. മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബിലെ ജേർണലിസം പി.ജി ഡിപ്ലോമ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.