deficit

കൊച്ചി: ചെലവ് നിയന്ത്രണാതീതമായി കൂടുകയും അനുപാതികമായി വരുമാനം ഉയരാതിരിക്കുകയും ചെയ്‌തതോടെ സംസ്ഥാനങ്ങളുടെ ധനക്കമ്മി പിടിവിട്ട് കുതിക്കുന്നു. നടപ്പു സാമ്പത്തിക വർഷം (2022-23)​ സംസ്ഥാനങ്ങളുടെ ബഡ്‌ജറ്റ് ചെലവ് 2021-22നേക്കാൾ 36 ശതമാനം കൂടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അസാം ഒഴികെയുള്ള 27 വലിയ (മേജർ)​ സംസ്ഥാനങ്ങൾ ചേർന്ന് നടപ്പുവർഷം ബഡ്‌ജറ്റ് ചെലവ് ലക്ഷ്യമിടുന്നത് കഴിഞ്ഞവർഷത്തേക്കാൾ 35.8 ശതമാനം വളർച്ചയോടെ 6.8 ലക്ഷം കോടി രൂപയാണ്. 2021-22ൽ ഇത് അഞ്ചുലക്ഷം കോടി രൂപയായിരുന്നു. മുൻവർഷത്തേക്കാൾ വർദ്ധിച്ച 1.8 ലക്ഷം കോടി രൂപയിൽ 72 ശതമാനത്തിനും ഉത്തരവാദികൾ ഉത്തർപ്രദേശ്,​ മഹാരാഷ്‌ട്ര,​ ബംഗാൾ,​ ഒഡീഷ,​ ആന്ധ്രാപ്രദേശ്,​ ഹരിയാന എന്നിവയാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര അഭിപ്രായപ്പെട്ടു.

കൊവിഡിന് മുമ്പ് 2019-20ൽ മേജർ സംസ്ഥാനങ്ങളുടെ ബഡ്‌ജറ്റ് ചെലവ് 3.7 ലക്ഷം കോടി രൂപയായിരുന്നു. 2021-22ലെ വർദ്ധനയ്ക്ക് പിന്നിൽ ബീഹാർ,​ കർണാടക,​ മദ്ധ്യപ്രദേശ്,​ മഹാരാഷ്‌ട്ര,​ രാജസ്ഥാൻ,​ തെലങ്കാന,​ തമിഴ്നാട്,​ ഉത്തർപ്രദേശ് എന്നിവയായിരുന്നു.

വലയ്ക്കുന്ന കണക്കുകൾ

കൊവിഡിൽ ആരോഗ്യരംഗത്തുൾപ്പെടെ സംസ്ഥാനങ്ങൾക്ക് വൻതോതിൽ ചെലവ് നടത്തേണ്ടിവന്നിരുന്നു. ഇക്കാലയളവിൽ വരുമാനമാർഗങ്ങൾ ഇടിഞ്ഞതും തിരിച്ചടിയായി. വലിയ സംസ്ഥാനങ്ങൾക്ക് സംയോജിതമായി നടപ്പുവർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 8.4 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷങ്ങളിലെ കണക്ക്:

 2019-20 : ₹4.8 ലക്ഷം കോടി

 2020-21 : ₹7.9 ലക്ഷം കോടി

 2021-22 : ₹6.3 ലക്ഷം കോടി

 2022-23 : ₹8.4 ലക്ഷം കോടി