itbp

ശ്രീനഗർ: മൂന്ന് സഹപ്രവർത്തകരെ വെടിവച്ച ശേഷം ഇൻ‌‌ഡോ ടിബറ്റൻ ബോർ‌ഡർ പൊലീസിലെ കോൺസ്റ്റബിൾ സ്വയം വെടിവച്ച് മരിച്ചു. ഏകദേശം 3.30യോടെ ജമ്മുകാശ്മീരിലെ ഉദ്ദംപൂർ ജില്ലയിലെ ദേവിക ഘട്ട് കമ്മ്യൂണിറ്റി സെന്ററിലാണ് സംഭവം. ഐ.ടി.ബി.പി 8ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ ഭുപേന്ദ്ര സിംഗാണ് തന്റെ ഇൻസാസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തത്. ഇയാൾ തത്ക്ഷണം മരിച്ചു. നിലവിൽ ഐ.ടി.ബി.പിയുടെ രണ്ടാം അ‌ഡ്ഹോക്ക് ബറ്റാലിയന്റെ 'എഫ്' കമ്പനിയിലാണ് ഇയാളെ നിയമിച്ചിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്തെന്നും ഐ.ടി.ബി.പി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഘത്തെ അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട് വിന്യസിച്ചതാണെന്നും എന്താണ് ആക്രമണത്തിന് കാരണമായതെന്ന് വ്യക്തമല്ലെന്നും അധി​കൃതർ അറി​യി​ച്ചു.

24 മണിക്കൂറിനിടെ ജമ്മു കാശ്മീരിൽ നടന്ന രണ്ടാമത്തെ സമാന സംഭവമാണിത്. വെള്ളിയാഴ്ച പൂഞ്ച് ജില്ലയിലെ സുർക്കോട്ടയിൽ ആർമി ജവാൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകരെ വെടിവയ്ക്കുകയും ശേഷം സ്വയം വെടി​വച്ചു മരിക്കുകയും ചെയ്തു. രണ്ട് ആർമി ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.