തിരുവനന്തപുരം: കേരളത്തിൽ 16 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് യു.ജി പരീക്ഷയിൽ ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌‌ത മഴ വിദ്യാർത്ഥികളേയും മാതാപിതാക്കളേയും വലച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്ക് മുൻപിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.

കനത്ത പരിശോധനകൾക്ക് ശേഷമാണ് വിദ്യാ‌ർത്ഥികളെ അകത്തേക്ക് കയറ്റിയത്. യാതൊരുവിധ ആഭരണങ്ങളും ധരിക്കാൻ അനുവാദമില്ലായിരുന്നു. ബെൽറ്റും വാച്ചും ധരിച്ചെത്തിയവരെ അഴിച്ചു മാറ്റിയിയതിനുശേഷമാണ് അകത്തേക്ക് കയറാൻ അനുവദിച്ചത്. വലിയ ബട്ടണുകളുള്ള വസ്‌ത്രങ്ങൾ, ഷൂസ്, ഫുൾ സ്ലീവ് ഷർട്ടുകൾ, പ്രത്യേക പാറ്റേണോ, സ്റ്റിക്കറോ ഉള്ള വസ്ത്രങ്ങൾ, ടൈറ്റ് ആയ വസ്ത്രങ്ങൾ, പേന, പെൻസിൽ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ എന്നിവയൊന്നും അനുവദിച്ചിരുന്നില്ല. കുടിവെള്ള കുപ്പികളിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കറുകൾ പോലും ഇളക്കി മാറ്റാൻ അധികൃതർ നിർദ്ദേശിച്ചു.

ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ, സാനിറ്റൈസ‌ർ, കുപ്പിവെള്ളം എന്നിവ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. കേന്ദ്രത്തിന് പുറത്ത് ഏർപ്പെടുത്തിയ പരിശോധനമൂലം വിദ്യാർത്ഥികൾ പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്ന നി‌ർദ്ദേശവും നൽകിയിരുന്നു.