pulwama

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിലെ ഗംഗൂ ക്രോസിങ്ങിലെ ചെക്ക് പോസ്റ്റിൽ നടന്ന ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാറിന് വീരമൃത്യു വരിച്ചു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു സംഭവം. ആപ്പിൾതോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ

ഗംഗൂ ക്രോസിങ്ങിലെ ചെക്ക് പോസ്റ്റിലേക്ക് വെടിവയ്ക്കുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങി. കൂടുതൽ സേന സ്ഥലത്തെത്തി ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.

സുരക്ഷാ സേനയ്ക്കെതിരെ ഈ ആഴ്ചയിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്.

ചൊവ്വാഴ്ച ശ്രീനഗർലാൽ ബസാർ മേഖലയിലെ പൊലീസ് ചെക്ക് പോയിന്റിൽ നടന്ന ഭീകരാക്രമണത്തിൽ ജമ്മു കാശ്‌മീർ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഷ്താഖ് അഹമ്മദ് കൊല്ലപ്പെടുകയും മറ്റ് രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 11ന് നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ കമാൻഡറായ കൈസർ കോകയടക്കം രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു.