
കോളേജ് പഠനമുപേക്ഷിച്ച് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലെത്തിയ ധീരവനിത. കോൺഗ്രസ് റേഡിയോയിലൂടെ ഗാന്ധിജിയുൾപ്പെടെ പ്രമുഖ നേതാക്കളുടെ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ നേതൃത്വം നൽകി. ഉപ്പു സത്യഗ്രഹമുൾപ്പെടെയുള്ള ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളിലെ നിറസാന്നിദ്ധ്യം. എട്ടാംവയസിൽ സൈമൺ കമ്മിഷനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തു. മുംബയിൽ മോചിക്കപ്പെട്ട ആദ്യത്തെ രാഷ്ട്രീയതടവുകാരി. അഹിംസയുടെയും ഖാദിയുടെയും പ്രചാരക.
1920 മാർച്ച് 25 ന് ഗുജറാത്തിലെ സൂററ്റിൽ ജനനം. ബ്രിട്ടീഷ് സർക്കാരിനു കീഴിൽ ജോലിചെയ്തിരുന്ന അച്ഛന്റെ എതിർപ്പ് മറികടന്ന് ചെറുപ്രായത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ സജീവപ്രവർത്തകയായി. നിരോധിച്ച മാസികകൾ വിതരണം ചെയ്യുകയും തടവിലാക്കപ്പെട്ടവർക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
1942ൽ രഹസ്യ റേഡിയോ സ്റ്റേഷനിലൂടെ സമര വാർത്തകളും നേതാക്കളുടെ സന്ദേശങ്ങളും നാനാസ്ഥലങ്ങളിലും എത്തിക്കുന്നതിന് ഉഷ നേതൃത്വം നൽകി. ബ്രിട്ടീഷ് സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് രാജ്യത്ത് നടക്കുന്ന ക്രൂരതകൾ റേഡിയോയിലൂടെ അവർ അവതരിപ്പിച്ചു. തുടർച്ചയായി സ്റ്റേഷനുകൾ മാറ്റിക്കൊണ്ടിരുന്നെങ്കിലും ഒടുവിൽ ബ്രിട്ടീഷ് പിടിയിലാവുകയും നാലുവർഷം കഠിനതടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് വിവരം ലഭിക്കാനായി വിദേശത്ത് പഠിക്കാനുൾപ്പെടെ നിരവധി പ്രലോഭനങ്ങൾ സർക്കാർ മുന്നോട്ടുവച്ചെങ്കിലും അവർ യാതൊന്നും വെളിപ്പെടുത്തിയില്ല. 1946 ൽ ജയിൽമോചിതയായി.
2000 ഓഗസ്റ്റ് 11 ന് 80-ാം വയസിൽ അന്തരിച്ചു. 1998 ൽ പത്മവിഭൂഷൺ നൽകി രാജ്യം ഉഷ മേത്തയെ ആദരിച്ചു.