rajmohan

ഭൗതിക ശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ മാധവനായി പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ രാജ്മോഹൻ അന്തരിച്ചു. 88 വയസായിരുന്നു. പുലയനാ‌ർ കോട്ടയിലെ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന രാജ്മോഹനെ വാ‌ർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ നാലിനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം.

ബന്ധുക്കളെത്താത്ത സാഹചര്യത്തിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാഡമി ഏറ്റുവാങ്ങും. മന്ത്രി വി.എൻ. വാസവന്റെ നി‌ർദ്ദേശപ്രകാരമാണിത്.

ഒ.ചന്തുമേനോന്റെ വിഖ്യാത നോവലായ ഇന്ദുലേഖ 1967ൽ സിനിമയാക്കിയപ്പോൾ സംവിധായകൻ കലാനിലയം കൃഷ്ണൻ നായ‌ർ,​ മരുമകനായ രാജ്മോഹനെയാണ് നായകനാക്കിയത്. പിന്നാലെ ഒട്ടേറെ സിനിമകളിൽ രാജ്‌മോഹൻ അഭിനയിച്ചെങ്കിലും,​ വിവാഹമോചനത്തോടെ സിനിമ വിട്ടു. ജീവിതത്തിൽ ഒറ്റപ്പെട്ടു. എം.എ, എൽ.എൽ.ബി ബിരുദധാരിയായിരുന്ന രാജ്മോഹൻ ട്യൂഷനെടുത്താണ് ഉപജീവനം നടത്തിയത്. ഒടുവിൽ പുലയനാർകോട്ടയിലെ സർക്കാർ അനാഥാലയത്തിലെ അന്തേവാസിയായി.

സമ്പാദ്യമോ തിരിച്ചറിയൽ രേഖയോ ഒന്നും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ലെന്ന് അനാഥാലയം അധികൃതർ പറഞ്ഞു.

രാജ്മോഹന്റെ ദുരിതമറിഞ്ഞെത്തിയ മുൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, നിർമ്മാതാവ് ജി. സുരേഷ് കുമാർ എന്നിവർ പെൻഷൻ അനുവദിച്ചിരുന്നു.