തിരുവനന്തപുരം: നാടകത്തിന് ഒരിക്കലും മരണമുണ്ടാകില്ലെന്നും അമച്വർ, പ്രൊഫഷണൽ രംഗങ്ങളിൽ അത് തുടരുമെന്നും നടനും എം.എൽ.എയുമായ മുകേഷ് പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 'യവനിക 22' എന്ന പേരിൽ ആരംഭിച്ച നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അദ്ധ്യക്ഷനായി. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ പി.എസ് സ്വാഗതം ആശംസിച്ചു.
22 വരെ വൈകിട്ട് 6ന് സംസ്കൃതി ഭവനിലെ വിവിധ വേദികളിലായാണ് നാടകങ്ങൾ അരങ്ങേറുക. ഇന്നലെ ജാക്സൺ കെ.പി.എ.സി രചനയും സംവിധാനവും നിർവഹിച്ച ഡ്രമാറ്റിക്ക് ഡബിൾസ് കേരളയുടെ 'മൃഗം' അരങ്ങേറി. ഇന്ന് അനന്തപുരം രവി സംവിധാനം ചെയ്ത എൻ.കൃഷ്ണപിള്ള നാടകവേദിയുടെ 'ചെങ്കോലും മരവുരിയും' അരങ്ങേറും. നാളെ സുധാകരൻ ശിവാർത്ഥി സംവിധാനം ചെയ്ത റീഡേഴ്സ് ഡ്രാമയുടെ 'നടചരിതം', 21ന് ടി.എസ്. അജിത്ത് സംവിധാനം ചെയ്ത ഭാവന ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ 'അലസ സുന്ദരി യക്ഷി', 22ന് അശോക് - ശശി സംവിധാനം ചെയ്ത സൗപർണിക തിരുവനന്തപുരത്തിന്റെ 'ഇതിഹാസം' എന്നീ നാടകങ്ങൾ അരങ്ങിലെത്തും.