26-hour-flight-heart-pati

ബംഗളൂരു : ഒരു മനുഷ്യജീവൻ രക്ഷിക്കാൻ യു.എസിൽ നിന്ന് ചെന്നൈയിലേയ്ക്ക് നടത്തിയ 26 മണിക്കൂർ ഫ്ളൈറ്റ് യാത്രയുടെ കഥ തെല്ലൊരു അത്ഭുതത്തോടെയല്ലാതെ കേട്ടുതീർക്കാനാവില്ല. ‌67കാരിയായ ബംഗളൂരു സ്വദേശിനിയെയാണ് ഹൃദയത്തിന്റെ അവസ്ഥ ഗുരുതരമായതോടെ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദയ ചികിത്സക്കായി മക്കളുമൊത്ത് യു.എസിൽ താമസിക്കുകയായിരുന്നു ഇവർ. യു.എസിലെ ചികിത്സ ഇവരുടെ കുടുംബാങ്ങൾക്ക് തൃപ്തികരമല്ലായിരുന്നതിനാലാണ് ഇത്തരമൊരു സാഹസിക യാത്ര തെരഞ്ഞെടുത്തത് എന്നാണ് സൂചന.

പോർട്ട്ലാൻഡിൽ നിന്ന് ഇസ്താംബുളിലേയ്ക്കും അവിടെ നിന്ന് ചെന്നൈയിലേയ്ക്കും രണ്ട് പ്രൈവറ്റ് ജെറ്റുകളിലാണ് യാത്ര സജ്ജീകരിച്ചത്. ഏകദേശം ഒരു കോടിയിലേറെയായിരുന്നു ഫ്ളൈറ്റ് ചാർജ് എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. എന്നാൽ യു.എസിലെ ചികിത്സാ കാലയളവും ചെലവും കണക്കിലെടുക്കുമ്പോൾ ഫ്ളൈറ്റ് ചാർജ് വഹിക്കുന്നതായിരുന്നു ഭേതമെന്നാണ് കുടുംബാങ്ങളുടെ വാദം. അതേസമയം ഇന്ത്യൻ പാസ്പ്പോർട്ട് ഉടമയായതിനാൽ അമേരിക്കയിൽ ആരോഗ്യ ഇൻഷ്യുറൻസിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. രോഗിക്കരികിൽ മൂന്ന് ഡോക്ടർമാരുടെ കരുതലും കൂട്ടായിരുന്നു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്ക് ശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേയ്ക്ക് ഇവരെ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ഇന്ദിരാനഗറിലാണ് ഇവരുടെ താമസം. മനുഷ്യജീവൻ വിലമതിക്കാനാവാത്തതാണെന്ന് അടിവരയിടുന്ന ഈ സംഭവം ഒരു രോഗിയുടെ ചികിത്സക്കായി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്രയായും ചരിത്രത്തിന്റെ ഏടുകളിൽ ഓർമ്മിക്കപ്പെടും.