
ജയ്‌പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധിച്ച് സന്യാസി സ്വയം തീകൊളുത്തി. പൊള്ളലേറ്റ സന്യാസി ബാബ വിജയ് ദാസിനെ (65) ജയ്‌പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദി ബദ്രിനാഥ്, കങ്കാചൽ എന്നീ പ്രദേശങ്ങളിലെ ക്വാറികൾക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി സന്യാസിമാരുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. ഇതിനിടെയാണ് ബുധനാഴ്ച വിജയ് ദാസ് സ്വയം തീകൊളുത്തിയത്. ഉടൻ പൊലീസ് എത്തി പുതപ്പും മറ്രും ഉപയോഗിച്ച് തീ കെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും എൺപതു ശതമാനം പൊള്ളലോടെ ഗുരുതരാവസ്ഥയിലാണ്. പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഖനനം അനുവദിക്കാനാകില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.പ്രതിഷേധം ശക്തമായതോടെ സർക്കാർ ക്വാറി നിൽക്കുന്ന സ്ഥലം വനഭൂമിയായി പ്രഖ്യാപിക്കുമെന്നും ക്വാറി മറ്റൊരിടത്തേയ്ക്ക് മാറ്റുമെന്നും അറിയിച്ചു. സംഭവത്തിനു പിന്നാലെ സംഘർഷമൊഴിവാക്കാൻ ഭരത്പൂർ ജില്ലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.