തിരുവനന്തപുരം: തോന്നയ്‌ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷിക ആഘോഷം,​ ആശാൻ സൗധ നിർമാണം എന്നിവയുടെ ഉദ്‌ഘാടനവും ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ആശാൻ കാവ്യ ശില്പത്തിന്റെ സമർപ്പണവും 23ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കവി വി. മധുസൂദനൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് ആഘോഷ പരിപാടികൾ. കുമാരനാശാൻ ദേശീയ സംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും പല്ലന ആശാൻ സ്‌മാരക സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാകും. പ്രൊഫ.എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാൻ വി. ശശി എം.എൽ.എ, അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പെരുമ്പടവം ശ്രീധരൻ എന്നിവർ മുഖ്യാതിഥികളാകും. കെ. ജയകുമാർ മുഖ്യ പ്രഭാഷണവും കാനായി കുഞ്ഞിരാമൻ മറുപടി പ്രസംഗവും നടത്തും.

പരിപാടിയുടെ ഭാഗമായി സെമിനാറുകൾ,​ സിംബോസിയങ്ങൾ,​ ആശാൻ കവിതകളുടെ പുതിയ പതിപ്പിന്റെ പ്രകാശനം,​ പ്രബന്ധ രചന,​ കാവ്യാലാപനം,​ കാവ്യരചന തുടങ്ങിയ മത്സരങ്ങൾ,​ ദേശീയ കവിസമ്മേളനം,​ ആശാൻ കവിതകളുടെ രംഗാവതരണങ്ങൾ,​ ചലച്ചിത്രാവതരണങ്ങൾ,​ കേരളീയ നവോദ്ധാനത്തിൽ കുമാരനാശാൻ,​ ശ്രീനാരായണഗുരു എന്നിവർ വഹിച്ച പങ്കിനെക്കുറിച്ചുള്ള പഠനങ്ങൾ,​ 150-ാം ജന്മവാർഷിക സ്മരണികയുടെ പ്രകാശനം എന്നിവ നടത്തും.

മലയാളം പള്ളിക്കൂടത്തിലെ കുട്ടികളുടെ ആശാൻ കവിതാലാപനവും, കല്ലറ ഗോപൻ,​ ശ്രീറാം എന്നിവർ നയിക്കുന്ന ആശാൻ കാവ്യസംഗീതികയും, സൗമ്യ അവതരിപ്പിക്കുന്ന ചിന്താവിഷ്ടയായ സീത നൃത്താവിഷ്കാരവും ഉണ്ടായിരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.കുമാരനാശാന്റെ പേരിൽ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നൽകുമെന്നും ആശാൻ പള്ളിക്കൂടം എന്ന പേരിൽ കാവ്യാസ്വാദനത്തിനുള്ള തട്ടകം തുടങ്ങാൻ ആലോചനയുണ്ടെന്നും വി. മധുസൂധനൻ നായർ പറഞ്ഞു.