akasa-air

 ടിക്കറ്റ് ബുക്കിംഗിന് തുടക്കം  കൊച്ചിയിലേക്കും സർവീസ്

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുത്തൻ വിമാനക്കമ്പനിയായ ആകാശ എയറിന്റെ ആദ്യ സർവീസ് ആഗസ്‌റ്റ് ഏഴിന് മുംബയിൽ നിന്ന് അഹമ്മദാബാദിലേക്ക്. ശതകോടീശ്വരനും അസറ്റ് മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ രാകേഷ് ജുൻജുൻവാല പ്രമോട്ടറായ ആകാശ എയറിന് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ)​ പറക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അനിവാര്യ അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു.

28 പ്രതിവാര സർവീസുകളാണ് കമ്പനിക്കുണ്ടാവുക. മുംബയ്-അഹമ്മദാബാദ് സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുംബയ്,​ അഹമ്മദാബാദ്,​ കൊച്ചി,​ ബംഗളൂരു നഗരങ്ങളിലേക്കാണ് സർവീസ്. ബംഗളൂരു-കൊച്ചി സർവീസ് ആഗസ്‌റ്റ് 13ന് ആരംഭിക്കും. ബോയിംഗിന്റെ രണ്ട് 737 മാക്‌സ് വിമാനങ്ങളാണ് തുടക്കത്തിലുണ്ടാവുക.

കൊച്ചിയിലേക്ക് ₹3,483

ആഗസ്‌റ്റ് 13ന് ബംഗളൂരുവിൽ നിന്ന് രാവിലെ 7.15ന് പുറപ്പെടുന്ന വിമാനം 8.30ന് കൊച്ചിയിലെത്തും. രാവിലെ 11നും വിമാനമുണ്ട്. ഉച്ചയ്ക്ക് 12.30ന് കൊച്ചിയിലെത്തും. ബംഗളൂരു-കൊച്ചി നിരക്ക് 3,​483 രൂപ.

3,948 രൂപയാണ് മുംബയ്-അഹമ്മദാബാദ് നിരക്ക്. റൂട്ടിൽ മറ്റ് വിമാനങ്ങളുടെ ശരാശരി നിരക്ക് 4,​200 രൂപയാണ്.