ss

രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാൾ. 1889 ഡിസംബർ മൂന്നിന് പശ്ചിമ ബംഗാളിലെ മെദിനിപൂർ ജില്ലയിലെ മൊഹോബാനി ഗ്രാമത്തിലാണ് ഖുദിറാം ബോസ് ജനിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഖുദിറാം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായിരുന്നു. 15 വയസ്സുള്ളപ്പോൾ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ലഘുലേഖകൾ വിതരണം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടു.16ാം വയസ്സിൽ പൊലീസ് സ്റ്റേഷനുകൾക്ക് സമീപം ബോംബ് സ്ഥാപിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുകയും ചെയ്തിരുന്നു.

ഖുദിറാം ബോസും പ്രഫുല്ല ചക്കിയും ചേ‌ർന്ന് ബിഹാറിലെ മുസാഫർപൂർ മജിസ്ട്രേറ്റിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. 1908 ഏപ്രിൽ 30- ന് യൂറോപ്യൻ ക്ലബ്ബിന് പുറത്ത് മജിസ്ട്രേറ്റിന്റെ വാഹനത്തിന് ബോംബെറിഞ്ഞെങ്കിലും അതിൽ മജിസ്ട്രേറ്റ് ഉണ്ടായിരുന്നില്ല, ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ഖുദിറാമിനെ പൊലീസ് പിടികൂടി. പ്രഫുല്ല ചക്കിയെ പൊലീസ് പിടികൂടുന്നതിന് മുമ്പ് ഇയാൾ സ്വയം വെടിവച്ച് മരിച്ചു. 1908 മെയ് 21 ന് ഖുദിറാമിന്റെ വിചാരണ ആരംഭിച്ചു. ബ്രിട്ടീഷ് ജഡ്ജി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1908 ഓഗസ്റ്റ് 11ന് 18ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ടു. തുടർന്ന് കൽക്കത്തയാകെ പ്രതിഷേധം അലയടിച്ചു. പുഞ്ചരി തൂകിയാണ് അദ്ദേഹം തൂക്കുമരത്തിലേക്ക് പോയതെന്ന് അന്നത്തെ പ്രധാനപത്രങ്ങൾ എഴുതി. പിന്നീട് ഖുദിറാം ബോസ് വധശിക്ഷയ്‌ക്ക് വിധേയനാക്കപ്പെട്ട മുസാഫർ പൂർ ജയിലിന് അദ്ദേഹത്തിന്റെ പേര് നൽകി.