neeraj

ഒരു രാജ്യത്തെയാകെ ഉദ്വേഗത്തിന്റെ ജാവലിൻ മുനയിൽ നിർത്തിയ നീരജ് ഹേവാഡ് സ്റ്റേഡിയത്തിൽ നാലാം ശ്രമത്തിൽ ആഞ്ഞെറിഞ്ഞപ്പോൾ 88.13 മീറ്റർ അപ്പുറത്ത് ആ ജാവലിൻ പറന്നിറങ്ങിയത് ലോക ചാംപ്യൻഷിപ്പിലെ വെള്ളിത്തിളക്കമെന്ന ചരിത്ര നേട്ടത്തിലേക്ക്.

വിസ്മയിപ്പിക്കുന്ന നീരജിന്റെ നേട്ടങ്ങൾക്ക് പിന്നിൽ കണ്ണീരിന്റെ നനവുണ്ട്. ഹരിയാനയിലെ പാനിപ്പത്തിൽ ഗ്രാമ മുഖ്യൻ ഗ്രാമ മുഖ്യൻ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾക്കുമുന്നിൽ കൈ പൊത്തി കരഞ്ഞ ബാല്യ കൗമാരം.പതിമൂന്നാം വയസ്സിൽ 80 കിലോ ഭാരം.അമിതവണ്ണം കാരണം പലരുടെയും മുന്നിൽ തലകുനിച്ച് കണ്ണീർ വാർത്തിട്ടുണ്ട്. കൂട്ടുകാരുടെ കളിയാക്കലുകൾ അതിരുകടന്നപ്പോൾ അതിനെ അതിജീവിക്കാൻ വീട്ടുകാർ കണ്ടെത്തിയ മാർഗമാണ് സ്പോർട്സ്. ഒരു കയ്യിൽ ജാവ്ലിനും മനസ്സിൽ ആത്മവിശ്വാസവും നിറച്ച് കഠിനാദ്ധ്വാനത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്...

ഗ്രാമമുഖ്യൻ എന്ന കളിയാക്കലുകളിൽ നിന്ന് ഗ്രാമത്തിലെ മുഖ്യതാരമായി, ഇന്ത്യയുടെ അഭിമാനതാരമായി നീരജ് മാറി.

കാർഡിയോ, വെയ്റ്റ് ട്രെയിനിംഗ്, പെർഫക്ട് ഡയറ്റ് പ്ലാൻ അങ്ങനെ യുവതലമുറയുടെ ഫിറ്റ്നസ് ഇൻസിപിരേഷനാണ് നീരജ് ചോപ്ര. നേട്ടങ്ങളിലേക്കുള്ള ആ ഏറിൽ നിന്ന് നീരജ് തിരിച്ചു പിടിച്ചത് ഇന്ത്യയുടെ അഭിമാനമാണ്. അഭിമാനക്കൊടുമുടിയിൽ ജാവ്ലിനുമായി നിൽക്കുന്ന നീരജിനെയോർത്ത് ഗ്രാമം മാത്രമല്ല ഇന്ത്യ ഒന്നടങ്കം പറയുന്നു നീരജിന്റെ ജാവലിൻ ഇനിയും

പുതിയ ദൂരങ്ങൾ തേടി പറക്കട്ടെ.

നീരജിലൂടെ ജാവ്‌ലിൻ ത്രോയിൽ ആകൃഷ്ടരായ യുവതലമുറയോട് നീരജിനും പങ്കുവയ്ക്കാൻ ചിലതുണ്ട്.

അത്ലറ്റുകൾ ഇല്ലാത്തൊരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ജാവ്ലിൻ എന്താണെന്ന് പോലും അറിയാത്ത പ്രായം. കൗമാ പ്രായത്തിൽ ഗ്രാമത്തിലെ ലോക്കൽ സ്പോർട്സ് സ്‌റ്റേഡിയത്തിൽ പതിവായി പോകുമായിരുന്നു. ഒരിക്കൽ കുറച്ചു പേർ ജാവ്ലിൻ എറിയുന്നത് കണ്ടു. അതെന്താണെന്ന് ചോദിച്ച് മനസിലാക്കി. പിന്നെ ഞാനും അത് പരിശീലിക്കാൻ തുടങ്ങി. 10ദിവസത്തിനുള്ളിൽ ഏകദേശം 45 മീറ്ററോളം ദൂരത്തിൽ ജാവ്ലിൻ എറിയാൻ സാധിച്ചു. ഇതിനു വേണ്ട ഒരു നാച്ചുറൽ ടാലന്റ് എനിക്കുണ്ടെന്ന് കാഴ്ചക്കാർ പറഞ്ഞു. അങ്ങനെയാണ് ജാവ്ലിൻ ത്രോയുടെ വഴി തെരഞ്ഞെടുത്തത്.

1. പരിശീലനത്തിനായി മറ്റു സംവിധാനങ്ങളൊന്നും തേടിപ്പോകേണ്ട കാര്യവുമില്ല. നമുക്ക് ലഭ്യമായവ എന്താണോ അതിൽ നിന്ന് പരിശീലിക്കുക. പരിശീലനം തുടർന്നു കൊണ്ടേയിരിക്കുക.

2. നേട്ടങ്ങൾക്കായി കുറച്ചധികം സമയം ചെലവാക്കേണ്ടി വരും. എങ്കിലും ക്ഷമയോടെ പരിശീലിക്കുക.

3. വിജയത്തിന് കുറുക്കുവഴികൾ ഒന്നും തന്നെയില്ല. അതിനാൽ കഠിനാദ്ധ്വാനം തുടരുക.

4. ജാവ്ലിൻ ഒരു ടെക്നിക്കൽ ഇവന്റാണ്. അതിനാൽ ഒരു മെന്ററുടെയൊ കോച്ചിന്റെയോ സഹായമുള്ളത് വളരെയധികം ഗുണം ചെയ്യും.

5. സ്വന്തം കഴിവിൽ വിശ്വാസം അർപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇന്ത്യക്കാർക്ക് ഒരുപാട് സാധ്യതയുള്ള സ്പോർട്സാണ് ജാവ്ലിൻ ത്രോ. സ്ട്രെങ്ങ്ത്തും സ്പീഡുമാണ് ഇതിനാവശ്യം.