
ലീഡ്
വേലു നാച്ചിയാരോടുള്ള ആദരസൂചകമായി 2008 ഡിസംബർ 31ന് രാജ്യം തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
....................................
ബ്രിട്ടീഷുകാർക്കെതിരെ പോരാടി വിജയിച്ച ഇന്ത്യൻ വനിതാ ഭരണാധികാരി. തെക്കേ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖ. ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ചാവേർ ആക്രമണത്തിന്റെ ആസൂത്രകയാണ് വേലു നാച്ചിയാർ. സ്ത്രീകളെ യുദ്ധമുന്നണിയിലെത്തിച്ച് ആദ്യമായി വനിതാ സൈന്യം രൂപീകരിച്ചു. 'വീരമങ്കൈ ' എന്നും അറിയപ്പെടുന്നു.
1730ൽ തമിഴ്‌നാട്ടിലെ രാംനാഥപുരത്തെ രാജകൊട്ടാരത്തിൽ ഏകമകളായി ജനനം. ചെറുപ്പത്തിൽ തന്നെ യുദ്ധമുറകളിലും രാജതന്ത്രത്തിലും ആയോധനകലകളിലും പരിശീലനം നേടിയ നാച്ചിയാർക്ക് ഫ്രഞ്ച്,ഉറുദു,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യമായിരുന്നു. ശിവഗംഗ രാജാവായിരുന്ന ഭർത്താവിനെ ബ്രിട്ടീഷുകാർ വധിച്ചപ്പോൾ അവർ വർഷങ്ങളോളം മകളോടൊപ്പം ഒളിച്ചുതാമസിച്ചു. ഗോപാല നായക്കരുമായും മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദർ അലിയുമായും സൗഹൃദം സ്ഥാപിച്ച് ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിന് സഖ്യമുണ്ടാക്കി. പണവും കാലാൾപ്പടയും കുതിരപ്പടയും നൽകി ഹൈദരലി നാച്ചിയാരെ സഹായിക്കുകയും നാച്ചിയാർ ഒരു സൈന്യത്തെ രൂപീകരിക്കുകയും ചെയ്തു. തന്റെ ദളിത് കമാൻഡർ കുയിലിക്കൊപ്പം ബ്രിട്ടീഷ് വെടിമരുന്നു ശാലയ്ക്കെതിരെ ചാവേർ ആക്രമണം നടത്തി. ശക്തമായ യുദ്ധത്തിലൂടെ 1780 ൽ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ നാച്ചിയാർ ഒരു ദശാബ്ദക്കാലം ശിവഗംഗ രാജ്യം ഭരിച്ചു. യുദ്ധത്തിൽ മരണപ്പെട്ട തന്റെ ദത്തുപുത്രിയുടെ ഓർമ്മയ്ക്ക് 'ഉദൈയാൾ' എന്ന സ്ത്രീകളുടെ സൈന്യം രൂപീകരിച്ചു. ഹൈദർ അലിയോടുള്ള നന്ദിസൂചകമായി സരഗാനിയിൽ ഒരു മുസ്ലീംപള്ളി നിർമ്മിച്ചു. 1796-ൽ ശിവഗംഗയിൽ വച്ച് അന്തരിച്ചു.
നാച്ചിയാരോടുള്ള ആദരസൂചകമായി 2008 ഡിസംബർ 31ന് രാജ്യം സ്റ്റാമ്പ് പുറത്തിറക്കി. 2014 ജൂലായ് 18 ന് വേലുനാച്ചിയാരുടെ സ്മരണയ്ക്കായി ശിവഗംഗയിൽ നിർമ്മിച്ച 'വീരമങ്കൈ വേലു നാച്ചിയാർ സ്മാരകം' മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത നാടിനായി സമർപ്പിച്ചു.